നെടുങ്കണ്ടം കസ്റ്റഡി മരണം: ഒൻപത് പോലീസുകാരെ ഉൾപ്പെടുത്തി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

നെടുങ്കണ്ടം കസ്റ്റഡി മരണം: ഒൻപത്  പോലീസുകാരെ ഉൾപ്പെടുത്തി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ പോലീസുകാര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. സംഭവസമയം നെടുങ്കണ്ടം എസ്.ഐ ആയിരുന്ന കെ.എ.സാബുവാണ് കേസിൽ ഒന്നാം പ്രതി. ഇദ്ദേഹത്തെ കൂടാതെ അതേ സ്റ്റേഷനിൽ എട്ട് പോലീസുകാരെ കൂടി സിബിഐ കേസിൽ പ്രതി ചേ‍ർത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഇടുക്കി എസ്.പി വേ​ണു​ഗോപാൽ, ഡിവൈഎസ്പിമാരായ ഷംസുദ്ദീൻ, ജയിൽ ഉദ്യോ​ഗസ്ഥ‍ർ, ഡോക്ട‍ർമാർ എന്നിവർക്കെതിരെ അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തിൽ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വർഷം മുമ്പാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്.

രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഇതേ തുടർന്നാണ് മരണം സംഭവിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഹരിത ഫിനാന്‍സ് സ്ഥാപന ഉടമയായ രാജ്കുമാറിനെ നിക്ഷേപം തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്ന് 2019 ജൂണ്‍ 12നായിരുന്നു നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയത്. മൂന്നു ദിവസം പോലീസ് കസ്റ്റഡിയില്‍ രാജ്കുമാറിനെ മൂന്നാംമുറയ്ക്ക് വിധേയനാക്കി. ജയിലില്‍ വച്ച്‌ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതോടെ ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജൂണ്‍ 21ന് മരണമടഞ്ഞു.

കമ്മീഷന്‍ അന്വേഷണത്തിന്റെ ഭാഗമായി രാജ്കുമാറിന്റെ മൃതദേഹം സെമിത്തേരിയില്‍ നിന്ന് പുറത്തെടുത്ത് 2019 ജൂലായ് 29ന് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി. ക്രൂരമായ പോലീസ് മര്‍ദ്ദനം നടന്നിരുന്നുവെന്നും ഹൃദ്‌രോഗിയായിരുന്ന രാജ്കുമാറിന് മര്‍ദനം മൂലമാണ് ന്യുമോണിയ ഉണ്ടായതെന്നും ഈ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. എന്നാൽ കമ്മീഷന്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. രാജ്കുമാര്‍ ഉന്നതരുടെ ബിനാമിയാണെന്ന് ആരോപണം ഉയർന്ന് വന്നതോടെ ബന്ധുക്കള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.