"ജീസസ് തേസ്റ്റ്സ് - ദി മിറാക്കിൾ ഓഫ് ദി യൂക്കറിസ്റ്റ്" ദിവ്യകാരുണ്യത്തിന്റെ അത്ഭുത ശക്തിയെ കുറിച്ചുള്ള ഡോക്യുമെൻ്ററി ചലച്ചിത്രം കൂടുതൽ തീയറ്ററുകളിലേക്ക്


ടെക്സാസ്: പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥന പ്രകാരം ദിവ്യകാരുണ്യത്തെ ആസ്പദമാക്കി നിർമ്മിച്ച "ജീസസ് തേസ്റ്റ്സ് ദ മിറാക്കിൾ ഓഫ് ദ യൂക്കറിസ്റ്റ്" സിനിമ രാജ്യവ്യാപകമായി റിലീസ് ചെയ്യാനൊരുങ്ങി നിർമാതാക്കളായ ഫാത്തം ഇവൻ്റ്. ഡോക്യുമെൻ്ററി ചലച്ചിത്രം ബോക്‌സ് ഓഫീസിൽ $2,141,273 നേടിയെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ചിത്രത്തിന്റെ പ്രദർശനം ജൂൺ 26 വരെ തുടരുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ജൂൺ മാസമാദ്യം ഡോക്യുമെൻ്ററി വിഭാ​ഗത്തിൽ റിലീസ് ചെയ്ത ചിത്രം ബോക്സോഫിസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഫാത്തമിൻ്റെ പ്രൊഡക്ഷനിൽ 2024-ൽ പുറത്തിറങ്ങിയ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡോക്യുമെൻ്ററി കൂടിയാണ് ചിത്രം.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡീക്കൺ സ്റ്റീവ് ഗ്രെക്കോ, ടിം മോറിയാർട്ടി, ജെയിംസ് വാൾബെർഗ് എന്നിവർ ചേർന്നാണ് ചിത്രം തിട്ടപ്പെടുത്തിയത്. പ്രശസ്തരായ ബൈബിൾ പണ്ഡിതർ ദിവ്യകാരുണ്യത്തെപ്പറ്റി പറയുന്ന ഭാഗങ്ങളും ദിവ്യകാരുണ്യം ജീവിതത്തെ സ്പർശിച്ച ആളുകളുടെ അനുഭവങ്ങളും ഡോക്യുമെന്ററി രൂപത്തിൽ നിർമ്മിച്ച ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പലരെയും യേശുക്രിസ്തുവിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് സ്റ്റീവ് ഗ്രെക്കോ പറഞ്ഞു. ലോക പ്രശസ്തരായ കത്തോലിക്ക ദൈവശാസ്ത്രജ്ഞരെയും, നേതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് യേശു ക്രിസ്തുവിന്റെ വിശുദ്ധ കുർബാനയിലെ സജീവ സാന്നിധ്യത്തെപ്പറ്റി ഒരു ചിത്രം നിർമ്മിക്കുകയെന്നതായിരിന്നു തങ്ങളുടെ ലക്ഷ്യമെന്ൻ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരിന്നു.

ടെക്‌സാസിലെ ബ്യൂമോണ്ടിലെ ബിഷപ്പായ ഡേവിഡ് എൽ ടൂപ്‌സും ചിത്രത്തെ പ്രശംസിച്ചിരുന്നു. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ അതിൻ്റെ അഗാധമായ സന്ദേശവും സ്വാധീനവും അനുഭവിക്കാൻ പ്രോത്സാഹിപ്പിച്ചെന്നാണ് ബിഷപ്പ് പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.