എഎംഎംഎയുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍

എഎംഎംഎയുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍

കൊച്ചി: മലയാള താര സംഘടനയായ എഎംഎംഎയുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാല്‍ വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ മാത്രമാണ് ഉണ്ടായിരുന്നത്. എഎംഎംഎയുടെ അധ്യക്ഷ സ്ഥാനത്ത് മോഹന്‍ലാലിന് ഇത് മൂന്നാം ഊഴമാണ്.

അതേസമയം ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും എന്ന് ഉറപ്പായിരിക്കുകയാണ്. സിദ്ദിക്ക്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍.

രണ്ട് പതിറ്റാണ്ടിലധികമായി ജനറല്‍ സെക്രട്ടറി സ്ഥാനത്തുള്ള ഇടവേള ബാബു ഇത്തവണ ഭാരവാഹിയാകാന്‍ ഇല്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 30 ന് ആണ് എഎംഎംഎയുടെ വാര്‍ഷിക ജനറല്‍ ബോഡിയും ഭാരവാഹി തിരഞ്ഞെടുപ്പും നടക്കുന്നത്. അന്ന് സ്ഥാനം ഒഴിയുമെന്നാണ് ഇടവേള ബാബു തന്നെ പ്രതികരിച്ചിരിക്കുന്നത്. അധികാര ദുര്‍വിനിയോഗം ചെയ്യാത്തയാള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരുമെന്നും ബാബു പറഞ്ഞിരുന്നു.

ഇനി ചിലപ്പോള്‍ ജോലിയായിട്ട് കരുതേണ്ടി വരും. അതിന് മുമ്പ് മാറാനാണ് തീരുമാനം. പുതിയ ആള്‍ക്കാര്‍ വരേണ്ട സമയമായി. പുതിയ ചിന്തകള്‍ വരണം. ഒരുപാട് അധികാരങ്ങളുള്ള പോസ്റ്റാണ് ജനറല്‍ സെക്രട്ടറിയുടേത്. അതൊന്നും ദുരുപയോഗം ചെയ്യാത്തയാള്‍ വരണമെന്നാണ് ആഗ്രഹം. താനില്ലെങ്കില്‍ മോഹന്‍ലാല്‍ പിന്മാറുമെന്ന രീതിയിലാണ് നിന്നിരുന്നത്. കൂട്ടായി എടുത്ത ചര്‍ച്ചയില്‍ അദേഹം ആ തീരുമാനം മാറ്റുകയായിരുന്നു. സംഘടനയിലെ ആളുകള്‍ക്ക് രാഷ്ട്രീയം വന്നപ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. മുമ്പ് ആര്‍ക്കും രാഷ്ട്രീയമില്ലായിരുന്നു.

ഇപ്പോള്‍ എല്ലാവര്‍ക്കും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്വാധീനം വന്നു. അത് പൊതുജനങ്ങള്‍ക്ക് അറിയുകയും ചെയ്യാം. ആ തോന്നലാണ് എഎംഎംഎയ്ക്കുണ്ടായ ഏറ്റവും വലിയ അപകടം. അന്ന് മുതല്‍ വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂടി. ഇന്‍ഷുറന്‍സ് അടക്കമുള്ള കാര്യങ്ങള്‍ കൊണ്ടുപോകാന്‍ മൂന്ന് കോടി രൂപ റെഗുലര്‍ വേണം. അതുണ്ടാക്കുന്നത് എളുപ്പമുള്ള കാര്യമല്ല. അതിന് കൂട്ടായ ശ്രമം ഉണ്ടായാലേ നടക്കൂ. അല്ലാത്ത പക്ഷം വണ്ടി എവിടെയെങ്കിലും ബ്‌ളോക്ക് ആകും എന്നും ഇടവേള ബാബു പറഞ്ഞിരുന്നു.

മൂന്ന് കൊല്ലത്തില്‍ ഒരിക്കലാണ് സംഘടനയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം മുപ്പതിന് കൊച്ചിയിലാണ് ഇത്തവണത്തെ പൊതുയോഗം. ഈ മാസം മൂന്ന് മുതലാണ് വിവിധ തലങ്ങളില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് പത്രിക സ്വീകരിച്ച് തുടങ്ങിയത്. വോട്ടിങിന് അവകാശമുള്ള 506 അംഗങ്ങളാണ് എഎംഎംഎയില്‍ ഉള്ളത്.

സംഘടനയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇത്തവണത്തെ പൊതുയോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്‍ഷുറന്‍സിനും പ്രവര്‍ത്തനച്ചെലവിനും ഉള്‍പ്പെടെ കാര്യമായ തുക പ്രതിവര്‍ഷം കണ്ടെത്തേണ്ടതുണ്ട്. സാമ്പത്തിക സ്ഥിതി മോശമായ 112 അംഗങ്ങള്‍ക്ക് നിലവില്‍ സംഘടന കൈനീട്ടം നല്‍കുന്നുണ്ട്. പലപ്പോഴും ഈ തുക കണ്ടെത്താന്‍ പ്രയാസപ്പെടേണ്ടി വരുന്നുണ്ട്. അതിനാല്‍ സാമ്പത്തിക വരുമാനം ഉയര്‍ത്താന്‍ സ്ഥിരം സംവിധാനം കൊണ്ടുവരുന്നതിനുള്ള നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.