പത്ത് പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു
ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം അമ്പത് ആയി. ചികിത്സയിലുള്ള എട്ട് പേരാണ് ഇന്ന് മരിച്ചത്. നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. പത്ത് പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം വിഷമദ്യ ദുരന്തത്തിലെ മുഖ്യപ്രതി ചിന്നദുരൈ പിടിയിലായി. കടലൂരില്‍ നിന്ന് സിബിസിഐഡി സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളാണ് വിഷമദ്യം നിര്‍മിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
മദ്യ വില്‍പന നടത്തിയ ദമ്പതികള്‍ അടക്കമുള്ള നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് 200 ലിറ്ററിലധികം മദ്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പരിശോധനയില്‍ മദ്യത്തില്‍ മെഥനോള്‍ കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. മെഥനോളിന്റെ ഉറവിടത്തെപ്പറ്റി പൊലീസ് അന്വേഷിച്ചു വരികയാണ്.
മരിച്ചവരെല്ലാം കൂലിപ്പണിക്കാരാണെന്നാണ് വിവരം. ചൊവാഴ്ച രാത്രി കള്ളക്കുറിച്ചി കരുണാകുളത്തു നിന്നാണ് ഇവരെല്ലാം മദ്യം കഴിച്ചത്. ഇതിനുപിന്നാലെ ഇവര്‍ക്ക് ഛര്‍ദ്ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തമിഴ്നാട് സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ചികിത്സയിലുള്ളവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി, വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് എന്നിവര്‍ കള്ളക്കുറിച്ചിയിലും ആശുപത്രികളിലും സന്ദര്‍ശനം നടത്തിയിരുന്നു.
സംഭവത്തില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. അതേസമയം വിഷമദ്യദുരന്തത്തിന്റെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ ഇന്ന് അടിയന്തര വാദം കേള്‍ക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.