യഹൂദവിരുദ്ധ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞ് 12 വയസുകാരിയെ കൗമാരക്കാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി; ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം

യഹൂദവിരുദ്ധ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞ് 12 വയസുകാരിയെ കൗമാരക്കാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി; ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം

പാരീസ്: ഫ്രാന്‍സില്‍ 12 വയസുള്ള ജൂത പെണ്‍കുട്ടിയെ യഹൂദവിരുദ്ധ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞ് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ രാജ്യത്ത് വന്‍ പ്രതിഷേധം. സംഭവത്തില്‍ പ്രതികളായ മൂന്ന് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയതു.

വടക്കുപടിഞ്ഞാറന്‍ പാരീസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന ബാലികയെ സമപ്രായത്തിലുള്ള മൂന്ന് ആണ്‍കുട്ടികള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി വംശീയാധിക്ഷേപങ്ങള്‍ ചൊരിഞ്ഞശേഷം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.

പെണ്‍കുട്ടിക്കു നേരെ നിരവധി തവണ വധഭീഷണികളും ഉണ്ടായി. ആണ്‍കുട്ടികളില്‍ ഒരാള്‍
പെണ്‍കുട്ടിയെ 'വൃത്തികെട്ട ജൂതന്‍' എന്ന് വിളിച്ച് ആപേക്ഷിക്കുകയും ചെയ്തതായി ഫ്രഞ്ച് വാര്‍ത്താ ാധ്യമമായ ബി.എഫ്.എം.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

പ്രതികളിലൊരാളെ അറിയാമെന്നു പെണ്‍കുട്ടി പോലീസിനെ അറിയിച്ചു. വംശീയവിദ്വേഷം, കൂട്ടമാനഭംഗം, അക്രമം, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ യഹൂദവിരുദ്ധതയ്‌ക്കെതിരേ വലിയ പ്രകടനങ്ങള്‍ നടന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും രാഷ്ട്രീയ നേതാക്കളും പെണ്‍കുട്ടിക്കു നേരേയുണ്ടായ അതിക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു.

വംശീയവിദ്വേഷവും യഹൂദവിരുദ്ധതയും പ്രചരിക്കുന്നതു തടയാന്‍ സ്‌കൂളുകളില്‍ വരുംദിവസങ്ങളില്‍ സംവാദങ്ങള്‍ നടത്താന്‍ പ്രസിഡന്റ് മാക്രോണ്‍ നിര്‍ദേശിച്ചു. ഈ മാസം നടക്കാനിരിക്കുന്ന ഫ്രഞ്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യഹൂദ വിരുദ്ധത പ്രധാന വിഷയമായി ഉയര്‍ന്നുവരുമെന്നാണ് രാഷ്ട്രീയ നേതാക്കളുടെ വിലയിരുത്തല്‍.

യഹൂദ വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. ഏകദേശം 500,000 പേരുണ്ടെന്നാണ് കണക്ക്. ഇസ്രയേലിലെ ഹമാസ് ആക്രമണത്തിനു ശേഷം ഫ്രാന്‍സില്‍ വര്‍ധിച്ചുവരുന്ന യഹൂദ വിരുദ്ധതയില്‍ ജൂത സമൂഹം കടുത്ത ആശങ്കയിലാണ്.

ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2022 നും 2023 നും ഇടയില്‍ ഫ്രാന്‍സില്‍ യഹൂദ വിരുദ്ധ അക്രമ സംഭവങ്ങള്‍ 284 ശതമാനം വര്‍ദ്ധിച്ചു. അതില്‍ 13 ശതമാനം സംഭവങ്ങള്‍ നടന്നത് സ്‌കൂളുകളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗാസ യുദ്ധം ആരംഭിച്ചതു മുതല്‍ രാജ്യത്ത് നിലനില്‍ക്കുന്ന യഹൂദ വിരുദ്ധതയുടെ അന്തരീക്ഷത്തിനെതിരെ പോരാടണമെന്ന് വലതുപക്ഷ നേതാവ് ജോര്‍ദാന്‍ ബാര്‍ഡെല്ല ബുധനാഴ്ച പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.