നെറ്റ് പരീക്ഷാ വിവാദം: 48 മണിക്കൂർ മുമ്പ് ചോദ്യപേപ്പർ ചോർന്നു; ആറ് ലക്ഷം രൂപയ്ക്ക് വിറ്റു; നിർണായക കണ്ടെത്തലുമായി സിബിഐ

നെറ്റ് പരീക്ഷാ വിവാദം: 48 മണിക്കൂർ മുമ്പ് ചോദ്യപേപ്പർ ചോർന്നു; ആറ് ലക്ഷം രൂപയ്ക്ക് വിറ്റു; നിർണായക കണ്ടെത്തലുമായി സിബിഐ

ന്യൂഡൽഹി: യുജിസി നെറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയുമായി ബന്ധപ്പെട്ട നിർണായക കണ്ടെത്തലുമായി സിബിഐ. പരീക്ഷ നടക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരീക്ഷാ പേപ്പർ ചോർന്നെന്നും ആറ് ലക്ഷം രൂപയ്ക്ക് ഡാർക്ക് വെബ്ബിലും സാമൂഹ്യ മാധ്യമങ്ങളിലും പരീക്ഷാ പേപ്പർ വിറ്റുവെന്നുമാണ് സിബിഐ കണ്ടെത്തൽ. ചൊവ്വാഴ്ച നടന്ന നെറ്റ് പരീക്ഷയുടെ സമഗ്രതയിൽ വിട്ടുവീഴ്ചയുണ്ടായെന്ന് പ്രഥമദൃഷ്ട്യാ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കിയിരുന്നു.

അതേസമയം പേപ്പർ ചോർച്ച‍യുടെ ഉറവിടം എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് നെറ്റ് പേപ്പർ ചോർന്ന സംഭവത്തിൽ സിബിഐ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. ചോദ്യപ്പേപ്പർ തയാറാക്കിയ വിദഗ്ധർ, ഉദ്യോഗസ്ഥർ എന്നിവരെയെല്ലാം ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും. പ്രിന്റിങ് പ്രസുകളിലെ ജീവനക്കാർ, പ്രസുകളിൽ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പേപ്പർ എത്തിച്ചവർ എന്നിവരെയും ചോദ്യം ചെയ്യും. വിവിധ സംസ്ഥാനങ്ങളിലെ പരിശീലന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഒമ്പത് ലക്ഷത്തിലേറെ ഉദ്യോഗാർഥികളാണ് 18 ന് നടന്ന നീറ്റ് പരീക്ഷക്ക് ഹാജരായത്. ക്രമക്കേട് നടന്നെന്ന് ഉറപ്പായതോടെ 19 ന് രാത്രി പരീക്ഷ റദ്ദാക്കിയതായി പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രാലയം പുനപരീക്ഷ പിന്നീട് നടത്തുമെന്നും വ്യക്തമാക്കി. നീറ്റിലെ ക്രമക്കേടിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് നെറ്റ് പേപ്പറും ചോർന്നത്. ടെലഗ്രാം ഗ്രൂപ്പുകളിൽ അടക്കം പേപ്പർ വിൽപ്പനക്ക് വെച്ചിരുന്നെന്നും അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.