യു.കെയിലുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു; വിട പറഞ്ഞത് മലപ്പുറം സ്വദേശിനി ഹെല്‍ന മരിയ

യു.കെയിലുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു; വിട പറഞ്ഞത് മലപ്പുറം സ്വദേശിനി ഹെല്‍ന മരിയ

കാര്‍ഡിഫ്: യു.കെയില്‍ മെയ് മൂന്നിനുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന മലപ്പുറം സ്വദേശിനി ഹെല്‍ന മരിയ സിബിയാണ് കഴിഞ്ഞ ദിവസം വൈകിട്ട് മരിച്ചത്. പ്രാര്‍ത്ഥനകള്‍ വിഫലമാക്കി, ഒന്നര മാസത്തോളം നീണ്ട ആശുപത്രി വാസത്തിനൊടുവിലാണ് ഹെല്‍ന മരണത്തിന് കീഴടങ്ങിയത്. കാര്‍ഡിഫിലുണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹെല്‍നയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്.

കാറിലുണ്ടായിരുന്ന നാല് പേരില്‍ മൂന്ന് പേര്‍ക്കാണ് സാരമായ പരിക്കേറ്റത്. അവരില്‍ ഹെല്‍ന മരിയ ഗുരുതരാവസ്ഥയില്‍ കാര്‍ഡിഫ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പരിചരണത്തിലായിരുന്നു. ഹെല്‍നയുടെ തിരിച്ചു വരവിനായുള്ള പ്രാര്‍ത്ഥനകള്‍ക്കിടെയാണ് മരണവാര്‍ത്ത എത്തിയത്.

ഗുരുതരാവസ്ഥയിരിക്കുമ്പോള്‍ തന്നെ ഹെല്‍നയ്ക്ക് എല്ലാ മതപരമായ ചടങ്ങുകളും നല്‍കിയിരുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് കാര്‍ഡിഫിനടുത്തുള്ള സൗത്ത് വെയില്‍സ് സര്‍വ്വകലാശാലയില്‍ നഴ്സിങ് പഠനത്തിനായി ഹെല്‍ന യുകെയിലെത്തിയത്. യുകെയില്‍ വന്ന് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ അപകടമുണ്ടായി. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബ്രേക്ക് ഡൗണയി നിയന്ത്രണം നഷ്ടപ്പെടുകയും ഭിത്തിയില്‍ ഇടിക്കുകയുമാണുണ്ടായത്.

മകളുടെ അപകട വാര്‍ത്ത അറിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ മാതാപിതാക്കള്‍ കേരളത്തില്‍ നിന്നും യുകെയില്‍ എത്തി. മകളുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടാകാനും ജീവിതത്തിലേക്ക് തിരിച്ചുവരാനും വേണ്ടി മാതാപിതാക്കള്‍ ഉപവാസവും പ്രാര്‍ത്ഥനയുമായി കഴിയുകയായിരുന്നു. മാതാപിതാക്കളോടും സഹോദരങ്ങളായ ദീപു, ദിനു എന്നിവരോടൊപ്പം കാര്‍ഡിഫിലെ കുറെ സുമനസുകള്‍ കുടുംബത്തിനൊപ്പം ഉണ്ടായിരുന്നു.

മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ പാലാങ്കര പള്ളി ഇടവകയില്‍ പെട്ട സിബിച്ചന്‍ പാറത്താനത്തിന്റെയും (റിട്ട. എസ്ഐ, കേരള പോലീസ്) സിന്ധുവിന്റെയും മൂത്ത മകളായിരുന്നു ഹെല്‍ന. യുകെയിലെ എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം ഹെല്‍നയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.