ബൊളീവിയയിൽ സൈനിക അട്ടിമറി ശ്രമം ജനങ്ങളും ഭരണകൂടവും ചേർന്ന് പരാജയപ്പെടുത്തി; സൈനിക കമാൻഡർ അറസ്റ്റിൽ

ബൊളീവിയയിൽ സൈനിക അട്ടിമറി ശ്രമം ജനങ്ങളും ഭരണകൂടവും ചേർന്ന് പരാജയപ്പെടുത്തി; സൈനിക കമാൻഡർ അറസ്റ്റിൽ

ലാപാസ് : ലാറ്റിൻ അമേരിക്കൻ രാജ്യമായ ബൊളീവിയയിൽ നടന്ന അട്ടിമറി ശ്രമം പരാജയപ്പെട്ടു. ജനങ്ങളും ഭരണകൂടവും ഒത്തു ചേർന്ന് നടത്തിയ പ്രതിരോധത്തിൽ കലാപകാരികൾ പിന്മാറുകയും ഒടുവിൽ സൂത്രധാരനും പ്രധാന സംഘാംഗങ്ങളും അറസ്റ്റിലാവുകയും ചെയ്തു.

ബൊളീവിയൻ ഭരണ തലസ്ഥാനമായ ലാപാസിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് അരാജകത്വം പൊട്ടിപ്പുറപ്പെട്ടത്. പുറത്താക്കപ്പെട്ട സൈനിക കമാൻഡർ ജുവാൻ ജോസ് സൂനിഗ യൂണിഫോം ധരിച്ച സൈനികരോടൊപ്പം ഏതാനും കവചിത വാഹനങ്ങളിൽ എത്തി ലാ പാസ് നഗരത്തിലെ ഭരണ ഭരണസിരാകേന്ദ്രമായ പലാസിയോ ക്യുമാഡോ എന്ന കെട്ടിടത്തെ ആക്രമിക്കാൻ ശ്രമിച്ചു.

സർക്കാർ കെട്ടിടത്തിന് പുറത്തുള്ള പ്ലാസ മുറില്ലോ സ്‌ക്വയറിൽ കനത്ത അക്രമം നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കവചിത വാഹനങ്ങൾ പാലാസിയോ ക്യുമാഡോയുടെ വാതിലിലേക്ക് പാഞ്ഞുകയറുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാൽ ബുധനാഴ്ച നടന്ന അട്ടിമറി ശ്രമത്തിൽ‌ പ്രസിഡന്റ് ആർസിന്റെ എതിരാളികൾ പോലും ജനാധിപത്യത്തെ സംരക്ഷിക്കാനും അട്ടിമറിയെ പ്രതിരോധിക്കാനും അണികളെ അയച്ചു.

സുനിഗയുടെ നേതൃത്വത്തിലുള്ള സൈനിക ഉദ്യോഗസ്ഥർക്ക് ഒരു മണിക്കൂറോളം കെട്ടിടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിഞ്ഞു എങ്കിലും തെരുവുകളിലേക്ക് ഒഴുകിയെത്തിയ ജനം അവരെ നേരിടുകയായിരുന്നു.ഒടുവിൽ പോലീസും പ്രാദേശിക ഭരണകൂടവും ചേർന്ന് കെട്ടിടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഒരു കവചിത വാഹനത്തിൽ സുനിഗ രംഗം വിടുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട് . സുനിഗയുടെ അട്ടിമറി ശ്രമത്തെ തുടർന്ന് പ്രസിഡൻ്റ് ആർസെ ബൊളീവിയയുടെ പുതിയ സൈനിക ജനറലായി വിൽസൺ സാഞ്ചസ് വെലാസ്‌ക്വസിനെ നിയമിച്ചു. അട്ടിമറി ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് സുനിഗയെ സ്വന്തം സൈനിക ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മാസങ്ങൾ നീണ്ട പിരിമുറുക്കത്തെ തുടർന്നാണ് ബുധനാഴ്ചത്തെ കലാപം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തെ രണ്ട് രാഷ്‌ട്രീയ പ്രമുഖൻമാരായ ഇപ്പോഴത്തെ പ്രസിഡന്റ് ആർസെയും അദേഹത്തിന്റെ ഒരു കാലത്തെ സഖ്യകക്ഷിയും ഇടതുപക്ഷക്കാരനുമായ മുൻ പ്രസിഡൻ്റ് ഇവോ മൊറേൽസും ഭരണത്തിന്റെ നിയന്ത്രണത്തിനായി പോരാടുകയാണ്.

രാജ്യത്ത് സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രതിഷേധങ്ങളും കൂടുതൽ ശക്തമായി വരുന്നു. മുൻപ് നടത്തിയ ഒരു ടെലിവിഷൻ ലൈവ് പ്രസംഗത്തിൽ പ്രസിഡൻ്റ് ലൂയിസ് ആർസിന്റെ നേതൃത്വത്തിലുള്ള നിലവിലെ സർക്കാർ പുറത്തു പോകണമെന്ന് സൈനിക കമാൻഡർ ജുവാൻ ജോസ് സൂനിഗ പറഞ്ഞിരുന്നു. ഇത് രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.