മെല്‍ബണ്‍: മനുഷ്യക്കടത്തിനും ആധുനിക ലോകത്തിലെ അടിമത്തത്തിനുമെതിരെ ഓസ്ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന ഓസ്ട്രേലിയന്‍ കാത്തലിക് റിലീജിയസ് എഗൈന്‍സ്റ്റ് ട്രാഫിക്കിങ് ഇന്‍ ഹ്യൂമന്‍സ് (അക്രാത്ത്) എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി എട്ടിന് ആഗോള വ്യാപകമായി ഓണ്‍ലൈന്‍ പ്രാര്‍ത്ഥന യജ്ഞം സംഘടിപ്പിക്കുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ ദിനം മനുഷ്യക്കടത്തിനെതിരെയുള്ള അന്താരാഷ്ട്ര പ്രാര്‍ഥനയ്ക്കും വിചിന്തനത്തിനും പ്രവര്‍ത്തികള്‍ക്കുമായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ചാണ് അക്രാത്ത് ആഗോള പ്രാര്‍ത്ഥന യജ്ഞനത്തിനായി ഒരുങ്ങുന്നത്.
കൊറോണ പകര്‍ച്ച വ്യാധിയുടെ വരവോടെ മനുഷ്യക്കടത്തിന്റെയും ആധുനിക അടിമത്തത്തിന്റെയും വിവിധ മാനങ്ങള്‍ ശക്തിപ്പെട്ടതായി സംഘടന കുറ്റപ്പെടുത്തുന്നു. ഇതോടൊപ്പം അടിമത്തരഹിത ( സ്ലേവറി ഫ്രീ ) ഉല്‍പ്പന്നങ്ങള്‍ മാത്രം വാങ്ങുക എന്ന ക്യാമ്പയിനും മുന്നോട്ട് വെക്കുന്നുണ്ട്. സ്‌കൂളുകളില്‍ കുട്ടികള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ പരിപാടികളും ഉണ്ട്. നാം കഴിക്കുന്ന ചോക്ലേറ്റുകള്‍ നിര്‍ബന്ധിത ബാലവേലയുടെയോ, നിര്‍ബന്ധിത ജോലിയുടെയോ ഭാഗമായി ഉണ്ടാക്കിയതല്ലെന്ന് ഉറപ്പുവരുത്താന്‍ സംഘടന കുട്ടികളോട് ആഹ്വാനം ചെയ്യുന്നു.
ഫെബ്രുവരി എട്ടിന് നടക്കുന്ന ഏഴ് മണിക്കൂര്‍ പ്രാര്‍ത്ഥന യജ്ഞത്തിന് ന്യൂസിലണ്ടില്‍നിന്നുള്ള പ്രവര്‍ത്തകര്‍ തുടക്കം കുറിക്കുമെന്ന് സംഘടന വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ പങ്കെടുക്കുന്ന പ്രാര്‍ത്ഥന യജ്ഞത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും പങ്കെടുക്കുമെന്ന് സംഘടന അറിയിച്ചു. ഓസ്ട്രേലിയന്‍ ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം രാത്രി 11.30 നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ യജ്ഞത്തില്‍ പങ്കെടുക്കുക. പ്രാര്‍ത്ഥന യജ്ഞത്തില്‍ പങ്കെടുക്കാന്‍ https.//preghieresontrotratta.org ല്‍ ബന്ധപ്പെടുക.
പ്രാര്‍ത്ഥന യജ്ഞത്തില്‍ അക്രത്തിനൊപ്പം തലിതാകും എന്ന സംഘടനയും അണിചേരുന്നുണ്ട്. കത്തോലിക്കാരായ സ്ത്രീകള്‍ക്കുവേണ്ടി 2009 ല്‍ സ്ഥാപിതമായ താണ് തലിതാകും അഥവാ ബാലികേ എഴുന്നേല്‍ക്കൂ എന്ന സംഘടന. സന്യാസ സമൂഹങ്ങളിലെ സുപ്പീരിയേഴ്‌സിന്റെ അന്താരാഷ്ട്ര കൂട്ടായ്മയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തലിതാകും മനുഷ്യക്കടത്ത് ഇല്ലാത്ത ഒരു സമ്പദ്ഘടന എന്ന ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. വിഭൂതി ദിനമായ ഫെബ്രുവരി 17 നാണ് അക്രാത്ത് അടിമത്ത രഹിത ചോക്ലേറ്റ് എന്ന പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്.
അടുത്തിടെ സിഡ്നിയിലെ മഡ്ഗേരി യൂണിവേഴ്‌സിറ്റി ചോക്ലേറ്റ് വ്യവസായ മേഖലയില്‍ നിലനില്‍ക്കുന്ന ബാലവേല ചൂഷണവും നിര്‍ബന്ധിത തൊഴില്‍ സാഹചര്യങ്ങളെയും കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കോകോ ഉത്പാദന രാജ്യമായ ഐവറികോസ്റ്റില്‍ നിന്നുള്ള കോകോയാണ് നിരവധി കോസ്റ്റ് കമ്പനികള്‍ ഉപയോഗിക്കുന്നത്. അതേസമയം ഐവറികോസ്റ്റില്‍ ബാലവേലയും നിര്‍ബന്ധിത ജോലിയും രൂക്ഷമായി നിലനില്‍ക്കുന്നതായി മഡ്ഗേരി യൂണിവേഴ്‌സിറ്റിയുടെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ചോക്ലേറ്റിന് അധികം മധുരമില്ല( not so sweet choclate ) എന്ന പേരില്‍ യൂണിവേഴ്‌സിറ്റിക്കുവേണ്ടി പ്രൊഫസര്‍ ജോണ്‍ ഡ്യൂ മേ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ കുട്ടികള്‍ കടന്നു പോകുന്ന ബാലവേലകളുടെ തീവ്രത വ്യക്തമാക്കുന്നുണ്ട്. 15 വയസില്‍ താഴെയുള്ള ഇരുപത് ലക്ഷത്തിലധികം കുട്ടികള്‍ കോകോ വ്യവസായ രംഗത്തു ഐവറി കോസ്റ്റിലും അയല്‍രാജ്യമായ ഘാനയിലും ജോലി ചെയ്യുന്നുണ്ട്. ഇവിടുത്തെ തോട്ടങ്ങളിലെ ജീവനക്കാരുടെ മക്കളാണ് അധികവും.
ഇതിനുപുറമെ സമീപ രാജ്യങ്ങളില്‍ നിന്നും നിര്‍ബന്ധിത തൊഴിലിനായി കൊണ്ടുവരുന്നവരുമുണ്ട്. ഇവിടുത്തെ കുട്ടികള്‍ അപകടകരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുകയും ഭാരം ചുമക്കുകയും കാര്‍ഷികാവശ്യത്തിനും മറ്റുമുള്ള രാസവസ്തുക്കളും മറ്റുമായി അടുത്തിടപെഴുകുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദതായി ബാലവേലയും നിര്‍ബന്ധിത തൊഴിലും തടയുമെന്നുള്ള പ്രഖ്യാപനമല്ലാതെ ചോക്ലേറ്റ് വ്യവസായം മറ്റൊരു നടപടികളിലേക്കും കടക്കാത്ത സാഹചര്യത്തിലാണ് ശക്തമായ പ്രചാരണ നടപടികളുമായി സംഘടന മുന്നിട്ടിറങ്ങുന്നത്.
അടിമത്തരഹിത ഉത്പന്നം ( സ്ലേവറി ഫ്രീ പ്രോഡക്റ്റ്) എന്ന സര്‍ട്ടിഫിക്കറ്റുള്ള ചായ, കാപ്പി, ചോക്ലേറ്റുകള്‍ എന്നിവ ഉപയോഗിക്കുവാന്‍ അക്രാത് സംഘടന ആഹ്വാനം ചെയ്യുന്നു. ഐക്യരാഷ്ട്ര സഭ 2021 നെ അന്താരാഷ്ട്ര ബാലവേല നിര്‍മാര്‍ജന വര്‍ഷമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അക്രാത്ത് നടത്തുന്ന പരിശ്രമങ്ങള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.