അമേരിക്കയെ വിറപ്പിച്ച ജൂലിയന്‍ അസാന്‍ജ് ജയില്‍വാസത്തിനൊടുവില്‍ ഓസ്‌ട്രേലിയയിലെത്തി; സ്വാഗതം ചെയ്ത് ആല്‍ബനീസി; ആശങ്ക ഉന്നയിച്ച് പ്രതിപക്ഷം

അമേരിക്കയെ വിറപ്പിച്ച ജൂലിയന്‍ അസാന്‍ജ് ജയില്‍വാസത്തിനൊടുവില്‍ ഓസ്‌ട്രേലിയയിലെത്തി; സ്വാഗതം ചെയ്ത് ആല്‍ബനീസി; ആശങ്ക ഉന്നയിച്ച് പ്രതിപക്ഷം

കാന്‍ബറ: അമേരിക്കന്‍ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും സുപ്രധാന രേഖകള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് വിവാദ നായകനായ ജൂലിയന്‍ അസാന്‍ജ് ജയില്‍വാസത്തിനുശേഷം ജന്മനാടായ ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തി. ഇന്നലെ വൈകുന്നേരം കാന്‍ബറയില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ ഭാര്യ സ്റ്റെല്ലയും പിതാവ് ജോണ്‍ ഷിപ്റ്റണും സ്വീകരിച്ചു. ഇരുവരെയും അസാന്‍ജ് ആലിംഗനം ചെയ്തു.

അതീവ സുരക്ഷയുള്ള ലണ്ടന്‍ ബെല്‍മാര്‍ഷ് ജയിലില്‍ അഞ്ചു വര്‍ഷം തടവില്‍ കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹം പ്രത്യേക വിമാനത്തില്‍ പസിഫിക് മേഖലയിലെ യുഎസ് ടെറിട്ടറിയായ നോര്‍ത്തേണ്‍ മരിയാന ദ്വീപിലെ സായ്പാനിലെത്തി. അവിടുത്തെ കോടതിയില്‍ മൂന്നു മണിക്കൂര്‍ നീണ്ട വിചാരണ. ഓസ്ട്രേലിയക്ക് അടുത്തുള്ള അമേരിക്കന്‍ കോടതി എന്ന നിലയിലാണ് വടക്കന്‍ മരിയാന ദ്വീപുകള്‍ വിചാരണയ്ക്ക് തിരഞ്ഞെടുത്തത്.

തന്റെ മാധ്യമസ്ഥാപനമായ വിക്കിലീക്‌സിലൂടെ അമേരിക്കന്‍ പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിയതിനു ചുമത്തപ്പെട്ട ചാരവൃത്തിക്കേസില്‍ അസാന്‍ജ് കോടതിയില്‍ കുറ്റം സമ്മതിച്ചു. ബ്രിട്ടീഷ് ജയിലിലെ തടവുകാലം പരിഗണിച്ച് അമേരിക്കന്‍ കോടതി അദ്ദേഹത്തെ ജന്മനാടായ ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നു.

വിമാനത്താവളത്തില്‍ കാത്തുനിന്ന ആരാധകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ അസാന്‍ജ് കൈകള്‍ വീശി. ഭാര്യ സ്റ്റെല്ലയെ എടുത്തുയര്‍ത്തി സ്‌നേഹചുംബനങ്ങള്‍ നല്‍കിയും പിതാവ് ജോണ്‍ ഷിപ്റ്റണെ കെട്ടിപ്പിടിച്ചുമാണ് അസാന്‍ജ് തിരിച്ചുവരവിന്റെ ആഹ്ലാദം പ്രകടിപ്പിച്ചത്. മക്കളായ അഞ്ചു വയസുകാരന്‍ മാക്‌സും ഏഴ് വയസുള്ള ഗബ്രിയേലും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

മാധ്യമപ്രവര്‍ത്തകരെ ദൂരെനിന്ന് അഭിവാദ്യം ചെയ്തെങ്കിലും സ്റ്റെല്ല നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അസാന്‍ജ് പങ്കെടുത്തില്ല. 'ചെറിയ ജയില്‍ മുറിയില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിലാണ് അസാന്‍ജ്. അദ്ദേഹത്തിന് സ്വാതന്ത്ര്യവുമായി പൊരുത്തപ്പെടാന്‍ സമയം വേണ്ടിവരുമെന്ന് സ്റ്റെല്ല പറഞ്ഞു. 2022ല്‍ ബെല്‍മാര്‍ഷ് ജയിലില്‍ വച്ചായിരുന്നു അസാന്‍ജിന്റെയും സ്റ്റെല്ലയുടെയും വിവാഹം നടന്നത്.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയെ ഫോണില്‍വിളിച്ച് അസാന്‍ജ് നന്ദി അറിയിച്ചു. അസാന്‍ജിന്റെ മോചനത്തില്‍ അമേരിക്കയ്ക്കും ബ്രിട്ടനും നന്ദി അറിയിക്കുന്നതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി അറിയിച്ചു.

അസാന്‍ജിനെ മോചിപ്പിക്കാന്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നു ആന്റണി ആല്‍ബനീസി. 14 വര്‍ഷം നീണ്ട നിയമപ്പോരാട്ടത്തിനാണ് ഇതോടെ അവസാനമായത്. 2010 ല്‍ അമേരിക്കയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ടതിനെ തുടര്‍ന്നാണ് കമ്പ്യൂട്ടര്‍ എന്‍ജിനീയറായ അസാന്‍ജ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. 175 വര്‍ഷംവരെ തടവ് ലഭിക്കാവുന്ന 18 കേസുകളാണ് അമേരിക്ക അസാന്‍ജിനുമേല്‍ ചുമത്തിയിരുന്നത്.

അമേരിക്കയെ പ്രതിരോധത്തിലാക്കിയ രേഖകള്‍

2010ലാണ് അമേരിക്കയെ ഞെട്ടിച്ച് നിരവധി രഹസ്യ രേഖകള്‍ അസാന്‍ജ് വിക്കിലീക്‌സിലൂടെ പുറത്തുവിട്ടത്. ഇറാഖിലും അഫ്ഗാനിസ്താനിലും സൈനിക നടപടിയുടെ മറവില്‍ അമേരിക്ക നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുവിട്ടതോടെ അസാന്‍ജ് അമേരിക്കയുടെ കണ്ണിലെ കരടാവുകയായിരുന്നു. മൂന്നുലക്ഷത്തിലധികം പേജുകള്‍ വരുന്ന രേഖകളാണ് ഇപ്രകാരം വിക്കിലീക്‌സ് പുറത്തുവിട്ടത്.

അമേരികന്‍ എംബസികള്‍ വഴി ചാരപ്രവര്‍ത്തനം നടത്തിയെന്നത് അടക്കമുള്ള വിവരങ്ങളാണ് ഇങ്ങനെ പുറത്തുവന്നത്. സഖ്യ രാജ്യങ്ങളുടെ തലവന്മാരെപ്പറ്റി തരംതാണ രീതിയില്‍ നേതാക്കള്‍ പരാമര്‍ശങ്ങള്‍ നടത്തി എന്ന വെളിപ്പെടുത്തലുകള്‍ അമേരിക്കയെ ലോകത്തിന് മുന്നില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെ യുഎസ് അസാന്‍ജിനെ ശത്രുവായി പ്രഖ്യാപിച്ച് പിടികൂടാനുള്ള ശ്രമങ്ങളാരംഭിച്ചു.

ഇതോടെ അമേരിക്കയെ പിന്തുണച്ചും രാജ്യങ്ങളെത്തി. ഓസ്ട്രേലിയ, ചൈന തുടങ്ങി നിരവധി രാജ്യങ്ങള്‍ വിക്കിലീക്സ് നിരോധിക്കുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തു. ഫേസ്ബുക്ക്, ഓണ്‍ലൈന്‍ സാമ്പത്തിക സ്ഥാപനങ്ങളായ വീസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയവ വിക്കിലീക്സിനെതിരെ സേവന നിരോധനങ്ങള്‍ നടപ്പാക്കിയതോടെ അസാന്‍ജും പ്രതിരോധത്തിലായി.

രഹസ്യരേഖകള്‍ ചോര്‍ത്തി വിവേചനമില്ലാതെ പ്രസിദ്ധീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും നിരപരാധികളുടെ ജീവന്‍ അപകടത്തിലാക്കിയെന്നുമായിരുന്നു യുഎസിന്റെ ആരോപണം.

ഇതിനിടെ സ്വീഡനില്‍ അസാന്‍ജിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതോടെ ഇതിന്റെ പേരില്‍ അദ്ദേഹത്തെ ജയിലിലടയ്ക്കാന്‍ സ്വീഡനും ശ്രമം തുടങ്ങി. എന്നാല്‍ അമേരിക്കയുടെ സമ്മര്‍ദഫലമായുണ്ടായ കേസാണിത് എന്നാണ് വിക്കിലീക്സിനോട് അനുഭാവമുള്ളവര്‍ ആരോപിച്ചത്. ലോകരാജ്യങ്ങള്‍ തന്നെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അസാന്‍ജ് പല രാജ്യങ്ങളിലും അഭയം തേടി.

2012 മുതല്‍ ഇക്വഡോര്‍ ആയിരുന്നു അസാന്‍ജിന് അഭയം നല്‍കിയിരുന്നത്. 2019 ഏപ്രിലില്‍ ഇക്വഡോര്‍ എംബസിയില്‍ നിന്നാണ് ലണ്ടന്‍ പൊലീസ് അസാന്‍ജിനെ അറസ്റ്റ് ചെയ്തത്. ബ്രിട്ടനിലെ ബെല്‍മാര്‍ഷ് അതിസുരക്ഷാ ജയിലില്‍ നിന്ന് 1901 ദിവസത്തെ തടവ് ജീവിതത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്.

ആശങ്ക അറിയിച്ച് പ്രതിപക്ഷം

അതേസമയം, അസാന്‍ജിനെ നായകനായി ചിത്രീകരിക്കുന്നതിനെതിരേ പ്രതിപക്ഷം ആശങ്ക ഉന്നയിച്ചു. അസാന്‍ജിന്റെ മോചനത്തെ സെനറ്റിലെ പ്രതിപക്ഷ നേതാവ് സൈമണ്‍ ബര്‍മിംഗ്ഹാം സ്വാഗതം ചെയ്തു. എന്നാല്‍ അദ്ദേഹം രക്തസാക്ഷിയല്ലെന്ന് സമൂഹ മാധ്യമമായ എക്‌സില്‍ സൈമണ്‍ കുറിച്ചു. അദ്ദേഹത്തിന്റെ പ്രവൃത്തി പത്രപ്രവര്‍ത്തനമായിരുന്നില്ല. അസാന്‍ജിയെ നേരിട്ട് കാണുന്നതിനെതിരെയും അല്‍ബാനീസിക്ക് സൈമണ്‍ ബര്‍മിംഗ്ഹാം മുന്നറിയിപ്പ് നല്‍കി, അദ്ദേഹത്തിന്റെ മോചനം ആഘോഷിക്കുന്നയത് യുഎസ് കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ അസാന്‍ജിയുടെ മോചനം ഓസ്ട്രേലിയ-യുഎസ് ബന്ധത്തിന് ഒരു ഭീഷണിയുമല്ലെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ് എബിസി റേഡിയോയോട് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.