ടൗറംഗ(ന്യൂസിലാന്‍ഡ്): ന്യൂസിലാന്‍ഡില്‍ 80,000 ഡോളര്‍ ചിലവ് വരുമെന്ന് പറഞ്ഞ ശസ്ത്രക്രീയ ഇന്ത്യയിലെത്തി ചെയ്തപ്പോള്‍ ചിലവായത് 20,000 ഡോളര്‍ മാത്രം. നോര്‍ത്ത് ഐലന്‍ഡിലെ ടൗറംഗയില്‍ നിന്നുള്ള രജിസ്റ്റേര്‍ഡ് നഴ്സായ ക്ലെയര്‍ ഓള്‍സന്‍ ആണ് ഇരട്ട ഹിപ് റീപ്ലേസ്മെന്റുമായി ബന്ധപ്പെട്ട തന്റെ അനുഭവം വിവരിച്ചത്.
ന്യൂസിലാന്‍ഡില്‍ 80,000 ഡോളര്‍ ചിലവ് മാത്രമല്ല, ഓപ്പറേഷനായി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയുമായിരുന്നു. എന്നാല്‍ മൂന്നാഴ്ച മുന്‍പ് മുംബൈയിലേക്ക് വിമാനം കയറിയ അറുപത്തഞ്ചുകാരിയായ ക്ലെയര്‍ ഓള്‍സന്‍ ശസ്ത്രക്രീയ കഴിഞ്ഞ് ന്യൂസിലന്‍ഡില്‍ തിരിച്ചെത്തി1
കടുത്ത ആര്‍ത്രൈറ്റിക് വേദന മൂലം നടക്കാന്‍ പോലും പാടുപെടുന്ന അവസ്ഥയിലായിരുന്നു ക്ലെയര്‍. ജി.പി റഫറല്‍ ലഭിച്ചെങ്കിലും ന്യൂസിലാന്‍ഡില്‍ ഇരട്ട ഹിപ് മാറ്റിവയ്ക്കലിനായി അഞ്ച് വര്‍ഷം വരെ കാത്തിരിക്കണമായിരുന്നു.
ഒരു സ്വകാര്യ ആശുപത്രിയില്‍ അന്വേഷിച്ചപ്പോള്‍ 80,000 ഡോളര്‍ ചിലവ് വരുമെന്നാണ് പറഞ്ഞത്.
സര്‍ജറിക്കായി അഞ്ച് വര്‍ഷം കാത്തിരുന്നാല്‍ വേദന മൂലം ചലന രഹിതയും പ്രമേഹ രോഗിയുമായി മാറും എന്ന അവസ്ഥയിലാണ് അവര്‍ ഇന്ത്യ തിരഞ്ഞെടുത്തത്. ന്യൂസിലന്‍ഡില്‍ പറഞ്ഞ ഭീമാകാരമായ തുകയുടെ നാലില്‍ ഒന്ന് നല്‍കി സര്‍ജറി ചെയ്യുകയും അഞ്ച് വര്‍ഷം നീളുന്ന കാത്തിരിപ്പ് ഒഴിവാകുകയും ചെയ്തു.
മുംബൈയിലെ 'മാക്കോ റോബോട്ടിക്‌സ്' ഉപയോഗിച്ചുള്ള റോബോട്ടിക് സന്ധി മാറ്റി സ്ഥാപിക്കല്‍ വിദഗ്ദ്ധനായ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. മുര്‍ദിത് ഖന്നയാണ് ക്ലെയറിനെ ചികിത്സിച്ചത്. 2023 ല്‍ ഓക്ക്ലന്‍ഡിലെ സ്വകാര്യ ഫ്രാങ്ക്‌ലിന്‍ ആശുപത്രിയില്‍ ആന്റണി മഹര്‍ എന്ന ഡോക്ടറാണ് ന്യൂസിലാന്‍ഡില്‍ ആദ്യത്തെ റോബോട്ട് സഹായത്തോടെയുള്ള ഹിപ് മാറ്റി സ്ഥാപിക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രീയയ്ക്ക് വിധേയയായ ക്ലെയര്‍ ഓള്‍സന്‍, സര്‍ജന്‍ ഡോ. മുര്‍ദിത് ഖന്നയോടൊപ്പം.
ന്യൂസിലാന്‍ഡിലെ പൊതു ആരോഗ്യ സംവിധാനത്തില്‍ ഒരു റോബോട്ടിക് മെഷീന്‍ മാത്രമേയുള്ളൂ. അത് നോര്‍ത്ത് ഷോര്‍ ആശുപത്രിയില്‍ മാത്രമാണ്. അവിടെ ഉപയോഗിക്കുന്നതും സെമി-പ്രൈവറ്റ് ആണെന്ന് ആന്റണി മഹര്‍ പറയുന്നു.
ഇന്ത്യയില്‍ മികച്ച ഡോക്ടര്‍മാരും വികസിത സ്വകാര്യ ആരോഗ്യ സംവിധാനവും ഉണ്ടെന്ന് അദേഹം സമ്മതിച്ചു. ഇന്ത്യയില്‍ സര്‍ജറിക്കായി പോകണമെന്നുള്ളവര്‍ ക്ലെയര്‍ ഓള്‍സനെ പോലെ വിവരങ്ങള്‍ ശേഖരിക്കണമെന്നും ആന്റണി മഹര്‍ പറഞ്ഞു.
ന്യൂസിലാന്‍ഡിലെ ആരോഗ്യ മേഖല 'മൂന്നാം ലോകമാണെന്നും' ഇന്ത്യയിലെ സ്വകാര്യ ആശുപത്രികള്‍ ലോകോത്തര നിലവാരമുള്ളവയാണെന്നും ക്ലെയര്‍ ഓള്‍സന്‍ പറഞ്ഞു. മികച്ച ശസ്ത്രക്രിയ വിദഗ്ധരും ലോകമെമ്പാടും ജോലി ചെയ്തിട്ടുള്ളവരും ന്യൂസിലന്‍ഡില്‍ പോലും ഇല്ലാത്ത നൂതന സാങ്കേതിക വിദ്യയും ഉപകരണങ്ങളും ഇന്ത്യയില്‍ ഉണ്ട്. ഇന്ത്യയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരും സേവനത്തിനായി എപ്പോഴും തയ്യാറാണെന്നും ക്ലെയര്‍ വ്യക്തമാക്കി.
ന്യൂസിലാന്‍ഡിലെ സാമ്പത്തികമായും രാഷ്ട്രീയമായും മാത്രം പരിഹരിക്കാന്‍ കഴിയുന്ന ആരോഗ്യ സിസ്റ്റത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടെന്നായിരുന്നു ന്യൂസിലാന്‍ഡ് ആരോഗ്യ സംവിധാനത്തെ 'മൂന്നാം ലോകം' എന്ന് ക്ലെയര്‍ ഓള്‍സന്‍ വിശേഷിപ്പിച്ചതിനോട് ഡോ.ആന്റണി മഹറിന്റെ മറുപടി.
ന്യൂസിലാന്‍ഡ് ആരോഗ്യ മന്ത്രി സിമിയോണ്‍ ബ്രൗണിനോട് ക്ലെയര്‍ ഓള്‍സന്റെ വാര്‍ത്തയെക്കുറിച്ചുള്ള അഭിപ്രായം മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, ഇടുപ്പ്, കാല്‍മുട്ട് മാറ്റിവയ്ക്കല്‍, തിമിര ശസ്ത്രക്രിയകള്‍ പോലുള്ള ജീവിതത്തെ മാറ്റി മറിക്കുന്ന സര്‍ജറികള്‍ക്കായി വളരെയധികം ന്യൂസിലന്‍ഡുകാര്‍ വളരെക്കാലമായി കാത്തിരിക്കുന്നുണ്ടെന്ന് മന്ത്രിസമ്മതിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.