ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) സ്ലാബുകള്‍ പുനക്രമീകരിക്കാന്‍ ആലോചിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. ചില അവശ്യ വസ്തുക്കളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുക, അല്ലെങ്കില്‍ 12 ശതമാനം സ്ലാബ് പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് ചര്‍ച്ചയിലുള്ള ഒരു പ്രധാന നിര്‍ദേശം.
നിലവില്‍ 12 ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഇനങ്ങളില്‍ ഭൂരിഭാഗവും സാധാരണക്കാര്‍ ജീവിതത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കളാണ്. മധ്യവര്‍ഗത്തിന്റെയും സാമ്പത്തികമായി ദുര്‍ബലരായ കുടുംബങ്ങളുടെയും ഉപഭോഗ രീതികളില്‍ വലിയ തോതില്‍ കാണപ്പെടുന്ന ഉല്‍പന്നങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഈ ഇനങ്ങളെ താഴ്ന്ന അഞ്ച് ശതമാനമെന്ന നികുതി ബ്രാക്കറ്റിലേക്ക് പുനക്രമീകരിക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വരാനിരിക്കുന്ന 56-ാമത് ജിഎസ്ടി കൗണ്‍സിലില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് അറിയുന്നത്.
പ്രോട്ടോക്കോള്‍ അനുസരിച്ച് കൗണ്‍സില്‍ യോഗം വിളിക്കുന്നതിന് മുമ്പ് 15 ദിവസത്തെ അറിയിപ്പ് ആവശ്യമാണ്. എന്നാല്‍ ഈ മാസം അവസാനം യോഗം നടന്നേക്കാമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തീരുമാനം നടപ്പായാല്‍ ജനസംഖ്യയുടെ വലിയൊരു വിഭാഗം ഉപയോഗിക്കുന്ന അവശ്യ വസ്തുക്കളുടെ മേലുള്ള പണപ്പെരുപ്പ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ അത് സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
കേന്ദ്ര ധനമന്ത്രി ചെയര്‍മാനും സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെടുന്നതുമായ ജിഎസ്ടി കൗണ്‍സിലിനാണ് നികുതി നിരക്കുകളില്‍ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യാനുള്ള അധികാരമുള്ളത്. ഈ നിര്‍ദേശം പാസായാല്‍, 2017 ല്‍ പരോക്ഷ നികുതി സംവിധാനം ആരംഭിച്ചതിന് ശേഷം ജി.എസ്.ടി നിരക്കുകളില്‍ വരുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കാരങ്ങളില്‍ ഒന്നായിരിക്കും അത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.