'ബി-2 ബോംബര്‍ വിമാനങ്ങള്‍ യെമന്‍ സന്ദര്‍ശിക്കേണ്ടി വരും': ഇസ്രയേലിനെ ആക്രമിച്ച ഹൂതികള്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക

'ബി-2 ബോംബര്‍ വിമാനങ്ങള്‍ യെമന്‍ സന്ദര്‍ശിക്കേണ്ടി വരും':  ഇസ്രയേലിനെ ആക്രമിച്ച ഹൂതികള്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക

ജറുസലേം: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും ഹൂതികള്‍ ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം നടത്തിയതില്‍ മുന്നറിയിപ്പുമായി അമേരിക്ക. ഇറാനിലേതു പോലെ യെമനിലേക്കും ബി-2 സ്പിരിറ്റ് ബോംബര്‍ വിമാനങ്ങള്‍ വരേണ്ടി വരുമെന്ന് ഇസ്രയേലിലെ അമേരിക്കന്‍ അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞു.

'ഇസ്രയേലിലേക്ക് മിസൈലുകള്‍ വരുന്നത് അവസാനിച്ചു എന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഹൂതികള്‍ പിന്നെയും മിസൈല്‍ പ്രയോഗിച്ചിരിക്കുന്നു. ഭാഗ്യത്തിന് ഇസ്രായേലില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉള്ളത് കാരണം സുരക്ഷിതമാണ്. ബി-2 ബോംബറുകള്‍ യെമന്‍ സന്ദര്‍ശിക്കേണ്ടി വരും'- ഹക്കബി എക്‌സില്‍ കുറിച്ചു.

12 ദിവസം നീണ്ടു നിന്ന ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തിന് ശേഷം ജൂണ്‍ 24 ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷമുണ്ടാകുന്ന ആദ്യത്തെ മിസൈല്‍ ആക്രമണമാണ് ഹൂതികളുടെ ഭാഗത്തു നിന്നുണ്ടായത്.

യെമനിലെ ഹൂതി വിമതര്‍ക്ക് ഇറാനിന്റെ പിന്തുണ കിട്ടുന്നുണ്ട്. ഗാസയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രയേലിന് എതിരെ ഹൂതി വിമതര്‍ നിരന്തരമായി ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചിരുന്നു.

പലസ്തീനുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഹുതികള്‍ രണ്ട് മാസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ ആക്രമണം നിര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് ആക്രമണം തുടരുകയായിരുന്നു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളും തുറമുഖങ്ങളും ലക്ഷ്യമാക്കി ഇസ്രയേലും പ്രത്യാക്രമണം നടത്തുന്നുണ്ട്.

അത്യാധുനിക യുദ്ധ വിമാനമായ ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനം ഉപയോഗിച്ചാണ് ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയത്. ഇതിന് ശേഷമാണ് ഇസ്രയേലും ഇറാനും തമ്മില്‍ വെടിനിര്‍ത്തലുണ്ടായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.