ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു; പരിക്കറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരം

ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു; പരിക്കറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരം

ഒന്നാമത്തെ ടെര്‍മിനല്‍ താല്‍കാലികമായി അടച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മേല്‍ക്കൂരയുടെ തൂണ് വീണ ടാക്സിയിലെ ഡ്രൈവര്‍ ആണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ മൂന്ന് പേരുടെ നില ഗുരുതരം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ഉണ്ടായ അപകടത്തില്‍ മൂന്ന് കാറുകള്‍ തകരുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

വിമാനത്താവളത്തിന്റെ ഒന്നാമത്തെ ടെര്‍മിനലിലാണ് അപകടം സംഭവിച്ചത്. മേല്‍ക്കൂരയും അത് താങ്ങി നിര്‍ത്തിയിരുന്ന തൂണും നിലത്തേക്ക് പതിക്കുകയായിരുന്നു. നിലവില്‍ ഒന്നാമത്തെ ടെര്‍മിനല്‍ താല്‍കാലികമായി അടച്ചിരിക്കുകയാണ്. ഇവിടെ നിന്നുള്ള ചെക്കിന്‍, സര്‍വീസുകള്‍ തുടങ്ങിയവയും സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സസ്‌പെന്‍ഡ് ചെയ്തു.

വിമാനത്താവളത്തിലെ അപകടത്തിന് പിന്നാലെ അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സംഭവത്തെ കുറിച്ച് നിരീക്ഷിച്ച് വരികയാണെന്നും പരിക്കേറ്റ മുഴുവന്‍ ആളുകളേയും ആശുപത്രിയില്‍ എത്തിച്ചുവെന്നും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു കിഞ്ജാരപ്പു സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് മേല്‍ക്കൂര തകര്‍ന്ന് വീണതെന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് അധികൃതരും സ്ഥിരീകരിച്ചു.

വ്യാഴാഴ്ച രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ ഡല്‍ഹിയില്‍ പല പ്രദേശങ്ങളിലും വെള്ളം കയറി. ആര്‍.കെ പുരം, മോത്തി നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.