റാഞ്ചി: ഭൂമി തട്ടിപ്പ് കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ഇഡിയുടെ ശക്തമായ എതിർപ്പ് മറികടന്ന് ജാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവിൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഹേമന്ത് സോറൻ കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുറന്ന കോടതിയിൽ ജാമ്യം അനുവദിച്ചിരിക്കുന്നത്.
അനധികൃതമായി 31 കോടിയിലധികം വില വരുന്ന 8.86 ഏക്കർ ഭൂമി സമ്പാദിച്ചെന്ന കേസിലാണ് ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തിരുന്നത്. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗംചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നുകേസുകളാണ് ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണത്തെ ബാധിക്കുംവിധം ഇടപെടൽ ഉണ്ടാകരുതെന്ന് ഹൈക്കോടതി ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. കേസിൽ മുതിർന്ന് സർക്കാർ ഉദ്യോഗസ്ഥരടക്കം 14 പേർ അറസ്റ്റിലായിരുന്നു. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഹേമന്ത് സോറൻ പുറത്തേക്ക് വരുന്നത്. കേസുമായി ബന്ധപ്പെട്ട് ജനുവരി 31നാണ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. ഇഡി അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുൻപ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു സോറൻ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.