തിരുവനന്തപുരം: ലൈസന്‍സ് എടുക്കാന്‍ എത്തുന്നവര്‍ക്ക് ശരിക്കും കാഴ്ച ശക്തിയുണ്ടോ എന്ന് കൂടി ഇനി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ടെസ്റ്റ് ചെയ്യും. അപേക്ഷകര്‍ ഹാജരാക്കുന്ന നേത്ര പരിശോധന സര്‍ട്ടിഫിക്കറ്റുകളില്‍ വ്യാജനും കടന്നുവരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. മന്ത്രി കെ.ബി ഗണേഷ്‌കുമാറാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
നിശ്ചിത അകലത്തിലുള്ളവ അപേക്ഷകര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടോ എന്നുറപ്പാക്കാന്‍ ടെസ്റ്റിനിടെ റോഡില്‍ കാണുന്ന ബോര്‍ഡുകള്‍ ഉള്‍പ്പെടെ വായിക്കാന്‍ ആവശ്യപ്പെടും. കാഴ്ച കുറവാണെന്ന് ബോധ്യപ്പെട്ടാല്‍ വീണ്ടും നേത്ര പരിശോധന നടത്തും. ഇതിനായി നേത്ര പരിശോധനാ യന്ത്രങ്ങള്‍ വാങ്ങും. പരിശോധന ഇല്ലാതെ സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്ന് കണ്ടെത്തിയാല്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കാനും മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു.
ചില ജില്ലകളില്‍ ഒരേ ദിവസം നൂറിലധികം പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയവരുണ്ട്. ചില ഡോക്ടര്‍മാരുടെ സീലും രേഖകളും ആര്‍.ടി ഏജന്റുമാരുടെ കൈവശമുണ്ടെന്ന പരാതിയും മന്ത്രിയുടെ ഓഫീസില്‍ ലഭിച്ചിരുന്നു. ഇടനിലക്കാര്‍ ശേഖരിച്ച് കൊണ്ടുവരുന്ന അപേക്ഷകള്‍ ഒരുമിച്ച് സാക്ഷ്യപ്പെടുത്തി നല്‍കുന്നവരുമുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ തന്നെ മോട്ടോര്‍വാഹന വകുപ്പിനെ സമീപിച്ചിരുന്നു.
കേന്ദ്ര നിയമപ്രകാരം പുതിയ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുമ്പോഴും നിലവിലുള്ളവ പുതുക്കുമ്പോഴും നേത്രപരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ലൈസന്‍സിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ഫോമിലാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപത്രം നല്‍കേണ്ടത്. ഇത് ഓണ്‍ലൈനാക്കാനുള്ള നീക്കം വിജയിച്ചിട്ടില്ല.
നിലവില്‍ അപേക്ഷകരോ ഇടനിലക്കാരോ ആണ് ഐ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നത്. ഇതിന് പകരം പരിശോധനാ ഫലം ഡോക്ടര്‍ ഓണ്‍ലൈനില്‍ മോട്ടോര്‍വാഹന വകുപ്പിന് കൈമാറുന്ന രീതിയാണ് പരീക്ഷിച്ചത്. ലൈസന്‍സ് വിതരണം ചെയ്യുന്ന സാരഥി സോഫ്റ്റ്വെയറില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് യൂസര്‍ ഐ.ഡി നല്‍കേണ്ടതുണ്ട്. ഇതിന് സോഫ്റ്റ്‌വെയര്‍ സജ്ജമായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.