'അവരുടെ പെരുമാറ്റത്തില്‍ ഒരു സംശയവും തോന്നിയിട്ടില്ല'; വിശ്വസിക്കാനാകുന്നില്ലെന്ന് കലയുടെ സഹോദരന്‍

'അവരുടെ പെരുമാറ്റത്തില്‍ ഒരു സംശയവും തോന്നിയിട്ടില്ല'; വിശ്വസിക്കാനാകുന്നില്ലെന്ന് കലയുടെ സഹോദരന്‍

ആലപ്പുഴ: കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ കിട്ടണമെന്ന് മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ സഹോദരന്‍ അനില്‍കുമാര്‍. ഇന്നലെ നടന്നത് വിശ്വസിക്കാന്‍ പോലും ആകാത്ത കാര്യമാണെന്നും അറസ്റ്റിലായവരുടെ പെരുമാറ്റത്തില്‍ ഒരു സംശയവും തോന്നിയിട്ടില്ലെന്നും ഓട്ടോ ഡ്രൈവറായ അനില്‍കുമാര്‍ പറഞ്ഞു.

പിടിയിലായവര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അര്‍ഹമായ ശിക്ഷ കിട്ടണം. സഹോദരി ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തിലാണ് ഇപ്പോഴും നില്‍ക്കുന്നത്. കലയെ പലയിടത്തുംവച്ച് കണ്ടിരുന്നതായി ആളുകള്‍ പറഞ്ഞിരുന്നു. അനിലിനൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപോയതിനാലാണ് കലയുടെ തിരോധാനത്തെ സംബന്ധിച്ച് അന്ന് കേസ് നല്‍കാതിരുന്നത്.

അനിലും ബന്ധുക്കളും ഇത്തരത്തില്‍ ഒരു കൃത്യം ചെയ്‌തെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. അനിലിന്റെ ബന്ധുക്കള്‍ കലയെ കൊല്ലാന്‍ മുമ്പ് ശ്രമം നടത്തിയിരുന്നതായി അറിയില്ല. അനിലുമായി കലയ്ക്ക് പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അനില്‍കുമാര്‍ പറയുന്നു.

15 വര്‍ഷം മുമ്പ് കാണാതായ കല കൊല്ലപ്പെട്ടതാണെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് സ്ഥിരീകരിച്ചത്. കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. പരപുരുഷബന്ധം ആരോപിച്ച് കലയെ അനില്‍ കൊലപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. അമ്പലപ്പുഴ പൊലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

പ്രാഥമികാന്വേഷണത്തിന് ശേഷം ചൊവ്വാഴ്ച യുവതിയുടെ ഭര്‍ത്താവ് അനിലിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.