സിഡിഎമ്മില്‍ യഥാര്‍ഥ നോട്ടിനൊപ്പം കള്ളനോട്ട് നിക്ഷേപിച്ച് തട്ടിപ്പ്; ഈരാറ്റുപേട്ടയില്‍ മൂന്ന് പേര്‍ പിടിയില്‍

സിഡിഎമ്മില്‍ യഥാര്‍ഥ നോട്ടിനൊപ്പം കള്ളനോട്ട് നിക്ഷേപിച്ച് തട്ടിപ്പ്; ഈരാറ്റുപേട്ടയില്‍ മൂന്ന് പേര്‍ പിടിയില്‍

കോട്ടയം: ഈരാറ്റുപേട്ടയില്‍ രണ്ട് ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുമായി മൂന്ന് യുവാക്കള്‍ പൊലീസ് പിടിയില്‍. അല്‍ഷാം സി.എ (30), അന്‍വര്‍ഷാ ഷാജി (26), ഫിറോസ് കെ.എസ് (25) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം ഒന്നിന് ഈരാറ്റുപേട്ട അരുവിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കിന്റെ സിഡിഎമ്മില്‍ നിന്ന് കള്ളനോട്ടുകള്‍ കിട്ടിയതിനെ തുടര്‍ന്ന് അസിസ്റ്റന്റ് മാനേജര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവല്‍ക്കരിക്കുകയും ചെയ്തു.

ശാസ്ത്രീയ പരിശോധനയില്‍ ഫിറോസ് ആണ് സിഡിഎമ്മില്‍ കള്ളനോട്ട് ഇട്ടതെന്ന് കണ്ടെത്തുകയും തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. ഫിറോസിനെ ചോദ്യം ചെയ്തതില്‍ നിന്ന് ഇയാള്‍ 28,500 രൂപയുടെ നോട്ടുകെട്ടുകള്‍ക്കൊപ്പം 500 രൂപയുടെ ഒമ്പത് കള്ളനോട്ടുകള്‍ ചേര്‍ത്ത് സിഡിഎമ്മില്‍ ഇട്ടതായി വ്യക്തമായി. സുഹൃത്തായ ഈരാറ്റുപേട്ട സ്വദേശി അന്‍വര്‍ഷായാണ് കമ്മീഷന്‍ തരാമെന്ന് പറഞ്ഞ് അഞ്ഞൂറിന്റെ ഒമ്പത് കള്ളനോട്ടുകള്‍ തന്നതെന്നും ഇയാള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് അന്വേഷണ സംഘം അന്‍വര്‍ഷായെ പിടികൂടുകയായിരുന്നു.

അന്‍വര്‍ഷായെ ചോദ്യം ചെയ്തതില്‍ നിന്ന് അല്‍ഷാം എന്നയാളാണ് കമ്മീഷന്‍ വ്യവസ്ഥയില്‍ അഞ്ഞൂറ് രൂപയുടെ 12 കള്ളനോട്ട് തന്നതെന്ന് മനസിലായി. തുടര്‍ന്ന് അന്വേഷണ സംഘം നടത്തിയ തിരച്ചിലില്‍ അന്‍ഷാമിനെ പിടികൂടുകയും ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2,24,000 രൂപയുടെ അഞ്ഞൂറിന്റെ കള്ളനോട്ടുകള്‍ കണ്ടെത്തുകയുമായിരുന്നു.

പാലാ ഡി.വൈ.എസ്.പി സദന്‍, ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.എച്ച്.ഒ സുബ്രഹ്മണ്യന്‍ പി.എസ്, എസ്.ഐ ജിബിന്‍ തോമസ്, എ.എസ്.ഐമാരായ രമ, ജിനു കെ.ആര്‍., സി.പി.ഒ മാരായ രമേഷ്, ജോബി ജോസഫ്, പ്രദീപ് എം. ഗോപാല്‍, രഞ്ജിത്ത്, അരുണ്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മൂവരേയും റിമാന്‍ഡ് ചെയ്തു.

കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഇവര്‍ക്ക് കള്ളനോട്ട് നല്‍കിയവരെ പിടികൂടുന്നതിനായി തിരച്ചില്‍ ശക്തമാക്കിയതായും എസ്.പി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.