നാഗപട്ടണത്ത് നിന്ന് തൃശൂര്‍ ലൂര്‍ദുപള്ളി വരെ ടൂറിസം സര്‍ക്യൂട്ട്; ആവശ്യപ്പെട്ടതിനും വാഗ്ദാനം ചെയ്തതിനുമപ്പുറം പലതും ചെയ്യാനുണ്ടെന്ന് സുരേഷ് ഗോപി

നാഗപട്ടണത്ത് നിന്ന് തൃശൂര്‍ ലൂര്‍ദുപള്ളി വരെ ടൂറിസം സര്‍ക്യൂട്ട്; ആവശ്യപ്പെട്ടതിനും വാഗ്ദാനം ചെയ്തതിനുമപ്പുറം പലതും ചെയ്യാനുണ്ടെന്ന് സുരേഷ് ഗോപി

തൃശൂര്‍: മന്ത്രിയെന്ന നിലയില്‍ ചെയ്യേണ്ട കാര്യങ്ങളുടെ മുന്‍ഗണന നിശ്ചയിക്കാനാകില്ലെന്നും ജനങ്ങള്‍ക്ക് ഗുണകരമാകുന്നതിനാണ് പ്രഥമ പരിഗണനയെന്നും കേന്ദ്ര ടൂറിസം-പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. ഇങ്ങോട്ട് ആവശ്യപ്പെട്ടതിനും അങ്ങോട്ട് വാഗ്ദാനം ചെയ്തതിനുമപ്പുറം പലതും ചെയ്യാനുണ്ടെന്ന് മനസിലാക്കുന്നുവെന്നും അദേഹം പറഞ്ഞു.

തൃശൂര്‍ പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ വികസന ചിന്തകള്‍ പങ്കുവെക്കുകയായിരുന്നു സുരേഷ് ഗോപി.

തീര്‍ഥാടന ടൂറിസത്തിന്റെ സര്‍ക്യൂട്ട് മനസിലുണ്ട്. നാഗപട്ടണത്ത് തുടങ്ങി തൃശൂരിലെ തന്റെ സ്വന്തം ലൂര്‍ദ് മാതാവിന്റെ പള്ളി വരെ നീളുന്നതാണ് ആ പദ്ധതിയെന്നും അദേഹം പറഞ്ഞു. നാഗപട്ടണം, വേളാങ്കണ്ണി, ഡിണ്ടിഗല്‍, മംഗളാദേവി, കാലടി, മലയാറ്റൂര്‍, ഭരണങ്ങാനം, കൊടുങ്ങല്ലൂര്‍ വഴി തൃശൂര്‍ ലൂര്‍ദ് പള്ളിയിലേക്കെത്തും വിധം പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഇതിന്റെ രൂപരേഖ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുവായൂരിനെ വേറെ തന്നെ കാണേണ്ടതുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

കേരളത്തിന് തനതായ ടൂറിസം പദ്ധതികളാണ് വേണ്ടത്. ഹരിത പദ്ധതികളായിരിക്കണം അവയെല്ലാം. കണ്ടല്‍ വനവും കായലും തൊടാതെ നാടിന്റെ വികസനത്തിന്റെ ഭാഗമായുള്ള നിക്ഷേപങ്ങളൊരുക്കാന്‍ ഒരാള്‍ക്ക് മാത്രമായി സാധിക്കില്ല. വ്യവസ്ഥകളെല്ലാം പാലിച്ച് നിക്ഷേപം ഇറക്കാന്‍ വരുന്നവരെ തടസപ്പെടുത്താതിരുന്നാല്‍ മതിയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

നിക്ഷേപകന്റെ ഹൃദയം കീഴടക്കാന്‍ ശ്രമിക്കണം. മാത്രമല്ല നിയമങ്ങള്‍ നോക്കണം. ഇപ്പോള്‍ തന്നെ പലരും പദ്ധതികളുമായി മുന്നോട്ട് വന്നിട്ടുണ്ട്. പക്ഷേ അതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനാകില്ല.

കേരളത്തില്‍ എയിംസ് അഞ്ച് വര്‍ഷത്തിനകം സാധ്യമാക്കും. പക്ഷെ പ്രവര്‍ത്തിച്ച് തുടങ്ങാന്‍ സ്വാഭാവികമായും സമയമെടുക്കും. എയിംസിനായി പ്രത്യേക പ്രദേശമല്ല കേരളമാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

കൊച്ചി മെട്രോ തൃശൂരും കടന്ന് കോയമ്പത്തൂര്‍ വരെ നീട്ടണമെന്നത് തന്റെ ലക്ഷ്യമാണ്. അതിനര്‍ഥം അത് നടത്തുമെന്നല്ല ശ്രമിക്കുമെന്നാണ് പറഞ്ഞത്. അത് അനിവാര്യവും അമൂല്യവുമാണ്. യാഥാര്‍ഥ്യമാക്കാന്‍ പറ്റില്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ അക്കാര്യം ബോധ്യപ്പെടുത്തണം.

അതുപോലെ തന്നെ നാല് ശതമാനം പലിശയ്ക്ക് കര്‍ഷകര്‍ക്ക് വായ്പ ലഭിക്കുന്നതിന് തടസമായത് മുന്‍പ് ഇവിടെ നിന്ന് നബാര്‍ഡിലേക്ക് പോയ കത്താണ്. ആ കത്തിന് മറുകുത്ത് ഉടന്‍ വരുമെന്ന് നബാര്‍ഡ് ചെയര്‍മാനെ അറിയിച്ചിട്ടുണ്ട്. ഗെയില്‍ പൈപ്പ്‌ലൈന്‍ കേരളമാകെ പൂര്‍ത്തിയാക്കുമെന്നും സ്ഥലം എടുത്തുകിട്ടിയാല്‍ റെയില്‍വേ ട്രാക്കുകള്‍ കൂട്ടുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.