ബെര്‍ലിന്‍: ഒരു അന്താരാഷ്ട്ര കിരീടം കൂടി നേടി മടങ്ങാമെന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്വപ്നം പാതിയില്‍ അവസാനിച്ചു. പോര്‍ച്ചുഗല്‍ യൂറോ കപ്പില്‍ നിന്നു സെമി കാണാതെയാണ് പുറത്തായത്. റൊണാള്‍ഡോയുടെ അവസാന യൂറോ കപ്പാണിത്. രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരില്‍ ഫ്രാന്‍സ് 5-3 ന് പോര്‍ച്ചുഗലിനെ വീഴ്ത്തി. സെമിയില്‍ സ്‌പെയിനാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.
നിശ്ചിത, അധിക സമയങ്ങളില്‍ ഗോള്‍ പിറക്കാതെ വന്നതോടെയാണ് പെനാല്‍റ്റി വിധി നിര്‍ണയിച്ചത്. പോര്‍ച്ചുഗല്‍ താരം ജാവോ ഫെലിക്‌സിന്റെ ഷോട്ടാണ് പാഴായത്. ഫ്രാന്‍സിനായി കിക്കെടുത്ത തിയോ ഹെര്‍ണാണ്ടസ്, ബ്രാഡ്ലി ബര്‍ക്കോള, ജുവല്‍സ് കുണ്ടെ, യൂസുഫ് ഫൊഫാന, ഒസ്മാന്‍ ഡംബലെ എന്നിവര്‍ ലക്ഷ്യം കണ്ടു.
പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബെര്‍ണാഡോ സില്‍വ, ന്യൂനോ മെന്‍ഡസ് എന്നിവരാണ് വല ചലിപ്പിച്ചത്. മൂന്നാം കിക്കെടുത്ത ജാവോ ഫെലിക്സിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തു പോകുകയായിരുന്നു. തുടക്കം മുതല്‍ ഇരു ടീമുകളും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മൈക്ക് മയ്ഗ്‌നാന്‍ മിന്നും സേവുകളുമായി അവരുടെ രക്ഷക്കെത്തി. പോര്‍ച്ചുഗല്‍ പ്രതിരോധവും കടുത്ത പൂട്ടുമായി നിന്നതോടെ ഫ്രാന്‍സിന്റെ ഗോള്‍ ശ്രമങ്ങളും വിഫലമായി.
കൃത്യമായ തന്ത്രമാണ് ഇരു ഭാഗവും കളത്തില്‍ നടപ്പാക്കിയത്. രണ്ട് പക്ഷവും ആക്രമിച്ചു കളിച്ചു. 20-ാം മിനിറ്റില്‍ തിയോ ഹെര്‍ണാണ്ടസ്, 28-ാം മിനിറ്റില്‍ അന്റോയിന്‍ ഗ്രിസ്മാന്‍ എന്നിവരെല്ലാം ഗോളിനടുത്തെത്തി. പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ ഡീഗോ കോസ്റ്റ ശക്തമായി നിന്നു. ഒപ്പം പോര്‍ച്ചുഗല്‍ പ്രതിരോധവും അപകടം ഒഴിവാക്കി.
പോര്‍ച്ചുഗല്‍ കൗണ്ടര്‍ അറ്റാക്കുകളാണ് കൂടുതല്‍ നടപ്പാക്കാന്‍ നോക്കിയത്. ഫ്രഞ്ച് പ്രതിരോധം ഈ ആക്രമണങ്ങളില്‍ ആടിയുലഞ്ഞു. ആദ്യ പകുതിയില്‍ പന്ത് കൈവശം വയ്ക്കുന്നതില്‍ പോര്‍ച്ചുഗല്‍ വിജയിച്ചെങ്കില്‍ ആക്രമണം കൂടുതല്‍ ഫ്രഞ്ച് വശത്ത് നിന്നായിരുന്നു.
രണ്ടാം പകുതിയില്‍ ഇരു പക്ഷവും തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ചു. 50-ാം മിനിറ്റില്‍ എംബാപ്പെയുടെ ഗോള്‍ ശ്രമം ഗോളി കോസ്റ്റ കൈയിലൊതുക്കി. പിന്നാലെ പോര്‍ച്ചുഗലിന്റെ തുടരന്‍ ആക്രമണങ്ങള്‍. റാഫേല്‍ ലിയോയുടെ മുന്നേറ്റത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോള്‍ ശ്രമവും മയ്ഗ്‌നന്‍ രക്ഷപ്പെടുത്തി. വിറ്റിന, റൊണാള്‍ഡോ എന്നിവരും പിന്നാലെ ഗോളിനായി നോക്കിയെങ്കിലും ഫ്രഞ്ച് ഗോളി ഇളകിയില്ല.
66 മിനിറ്റ് പിന്നിട്ടപ്പോള്‍ ഫ്രാന്‍സിന് ഒരു സുവര്‍ണാവസരം വന്നു. എന്നാല്‍ കോലോ മുവാനിയുടെ ഷോട്ട് പോര്‍ച്ചുഗല്‍ പ്രതിരോധത്തില്‍ തട്ടി അവസാനിച്ചു. പിന്നാലെ ഗ്രിസ്മാനു പകരം ഡെംബലെ കളത്തിലെത്തിയതോടെ ഫ്രഞ്ച് ആക്രമണം വര്‍ധിച്ചു. 70-ാം മിനിറ്റില്‍ കമവിങയ്ക്കും ഗോളവസരം തുറന്നു കിട്ടിയെങ്കിലും അതും പുറത്തു പോയി.
അവസാന ഘട്ടത്തിലും ഇരു ടീമുകളും കൊണ്ടു കൊടുത്തും മുന്നേറ്റം വര്‍ധിപ്പിച്ചെങ്കിലും ഗോള്‍ അകന്നു നിന്നു. മത്സരം അധിക സമയത്തേക്ക് നീണ്ടു. ഒടുവില്‍ പെനാല്‍റ്റിയില്‍ പോര്‍ച്ചുഗലിന്റെ ഒരു ഷോട്ട് പിഴച്ചത് ഫ്രാന്‍സിന്റെ വിജയം നിര്‍ണയിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.