'വീരമൃത്യു വരിച്ച അഗ്‌നിവീറിന് ലഭിച്ചത് ഇന്‍ഷുറന്‍സ്, നഷ്ടപരിഹാരമല്ല'; വീണ്ടും കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

 'വീരമൃത്യു വരിച്ച അഗ്‌നിവീറിന് ലഭിച്ചത് ഇന്‍ഷുറന്‍സ്, നഷ്ടപരിഹാരമല്ല'; വീണ്ടും കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അഗ്‌നിവീര്‍ പദ്ധതിയില്‍ കേന്ദ്രത്തെ വീണ്ടും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വീരമൃത്യുവരിച്ച അഗ്‌നിവീര്‍ അജയ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും രണ്ടും രണ്ടാണെന്നും രാഹുല്‍ കേന്ദ്രത്തെ ഓര്‍മ്മിപ്പിച്ചു.

എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആണ് അഗ്‌നിവീര്‍ വിഷയത്തില്‍ രാഹുല്‍ വീണ്ടും കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.

സേവനത്തിനിടെ വീരമൃത്യു വരിച്ച അഗ്‌നിവീര്‍ അജയ് കുമാറിന്റെ കുടുംബാഗങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള നഷ്ടപരിഹാരവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ല. സ്വകാര്യ ബാങ്കില്‍ നിന്ന് 50 ലക്ഷം രൂപ ഇന്‍ഷുറന്‍സും ആര്‍മി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഫണ്ടില്‍ നിന്ന് 48 ലക്ഷം രൂപയുമാണ് കുടുംബത്തിന് ലഭിച്ചത്. അല്ലാതെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എക്‌സ് ഗ്രേഷ്യാ പേയ്‌മെന്റായി യാതൊന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് രാഹുല്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു.

ശമ്പള കുടിശിക പോലും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചിട്ടില്ലെന്നും കുടിശികയായിക്കിടക്കുന്ന ശമ്പളം അയച്ചു കൊടുക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ വീഡിയോയില്‍ ചോദിക്കുന്നു.

നഷ്ടപരിഹാരവും ഇന്‍ഷുറന്‍സും രണ്ടും രണ്ടാണെന്ന് പറഞ്ഞ രാഹുല്‍ ഈ ദിവസം വരെ വീരമൃത്യു വരിച്ച അജയ് കുമാറിന്റെ കുടുംബത്തിന് യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇന്‍ഷുറന്‍സ് കമ്പനിയാണ് വീരമൃത്യു വരിച്ച അഗ്‌നിവീറിന്റെ കുടുംബത്തിന് തുക കൈമാറിയത്. അല്ലാതെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നഷ്ടപരിഹാരമായിട്ടല്ല തുക നല്‍കിയിട്ടുള്ളതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങളെ നിര്‍ബന്ധമായും ആദരിക്കണമെന്ന് പറഞ്ഞ രാഹുല്‍, മോദി സര്‍ക്കാര്‍ അവരെ വിവേചനപൂര്‍വമാണ് കാണുന്നതെന്നും ആരോപിച്ചു. കേന്ദ്രം എന്തു പറയുന്നു എന്നത് തനിക്കറിയേണ്ടതില്ലെന്നും ഇത് രാജ്യസുരക്ഷ സംബന്ധിച്ച കാര്യമാണെന്നും വിഷയം വീണ്ടും ഉന്നയിച്ചു കൊണ്ടേയിരിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കുഴിബോംബ് സ്ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അഗ്‌നിവീറിനെ താന്‍ 'രക്തസാക്ഷി' എന്നാണ് പറയുന്നത്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അദേഹത്തെ രക്തസാക്ഷി എന്നല്ല വിളിക്കുന്നത്. നരേന്ദ്ര മോഡി അദേഹത്തെ രക്തസാക്ഷി എന്നല്ല വിളിക്കുന്നത് അഗ്‌നിവീര്‍ എന്നാണ്. മരിച്ചയാളുടെ കുടുംബത്തിന് പെന്‍ഷനോ നഷ്ടപരിഹാരമോ ലഭിക്കില്ല എന്നായിരുന്നു രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞത്.

എന്നാല്‍, രാഹുല്‍ തെറ്റായ പ്രസ്താവനകള്‍ നടത്തുകയാണെന്നും അതിര്‍ത്തി സംരക്ഷിക്കുന്നതിനിടെയോ യുദ്ധത്തിലോ ജീവന്‍ ബലികഴിക്കുന്ന അഗ്‌നിവീറിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിലാണ് ഇപ്പോള്‍ രാഹുല്‍ വീണ്ടും വിശദീകരണവുമായി കേന്ദ്രത്തിനെതിരേ രംഗത്തെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.