ബ്രിട്ടനില്‍ കെയ്ര്‍ സ്റ്റാര്‍മര്‍ മന്ത്രിസഭയില്‍ 44 ശതമാനം സ്ത്രീ പ്രാതിനിധ്യം; ആദ്യ വനിതാ ധനമന്ത്രിയായി റേച്ചല്‍ റീവ്‌സ്

ബ്രിട്ടനില്‍ കെയ്ര്‍ സ്റ്റാര്‍മര്‍ മന്ത്രിസഭയില്‍ 44 ശതമാനം സ്ത്രീ പ്രാതിനിധ്യം; ആദ്യ വനിതാ ധനമന്ത്രിയായി റേച്ചല്‍ റീവ്‌സ്

ലണ്ടന്‍: ബ്രിട്ടന്‍ പൊതു തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ മന്ത്രിസഭാ രൂപീകരണത്തിലേക്ക് കടന്ന് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. രാജ്യത്തിന്റെ ഇതുവരെയുള്ള ചരിത്രം തിരുത്തുന്നതാണ് മന്ത്രിസഭാ രൂപീകരണത്തിലെ കെയ്‌റിന്റെ ഇടപെടല്‍. മുന്‍ മനുഷ്യാവകാശ അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറുമാണ് സ്റ്റാര്‍മര്‍. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്ന ഏറ്റവും പ്രായം കൂടിയ നേതാവ് കൂടിയാണ് 61കാരനായ കെയ്ര്‍ സ്റ്റാര്‍മര്‍.

25 അംഗ മന്ത്രിസഭയില്‍ 11 വനിതകളാണെന്നതാണ് ഏറെ ശ്രദ്ധേയം. മന്ത്രിസഭയിലെ സുപ്രധാന വകുപ്പായ ധനവകുപ്പ് മന്ത്രിയായി റേച്ചല്‍ റീവ്സിനെ തിരഞ്ഞെടുത്തു. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായാണ് ധനവകുപ്പ് മന്ത്രിയായി ഒരു വനിതയെത്തുന്നത്. സാമ്പത്തിക പ്രതിസന്ധി പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ന്നുവന്ന തിരഞ്ഞെടുപ്പിന് പിന്നാലെയാണ് മന്ത്രിസഭയിലെ സുപ്രധാന പദവിയിലേയ്ക്ക് ഒരു വനിതയെ കെയ്ര്‍ നിയോഗിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

മുന്‍ ചൈല്‍ഡ് ചെസ്സ് ചാമ്പ്യനും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സാമ്പത്തിക വിദഗ്ധയുമാണ് റേച്ചല്‍ റീവ്സ്. ധനമന്ത്രിയായി തിരഞ്ഞെടുത്തതിലൂടെ തന്റെ ജീവിതത്തിലെ അഭിമാന നിമിഷം വന്നെത്തിയിരിക്കുകയാണെന്നും ഇത് വായിക്കുന്ന ഒരോ വനിതകളും പെണ്‍കുട്ടികളും തങ്ങളുടെ ആഗ്രഹത്തിന് അതിര്‍വരമ്പുകളില്ലെന്ന് തിരിച്ചറിയണമെന്നും റേച്ചല്‍ ട്വീറ്റ് ചെയ്തു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള വലിയ വെല്ലുവിളിയാണ് പുതിയ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മാര്‍ക്കും ധനമന്ത്രി റേച്ചല്‍ റീവ്‌സിനും മുന്നിലുള്ളത്.

അംഗേല റെയ്നറാണ് യുകെയുടെ ഉപപ്രധാനമന്ത്രി. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് ട്രേഡ് യൂണിയന്‍ രംഗത്തുണ്ടായിരുന്ന അംഗേല പലപ്പോഴും താന്‍ വളര്‍ന്നുവന്ന മോശം പശ്ചാത്തലത്തെക്കുറിച്ച് വാചാലയാവാറുണ്ട്.

2008-2010 കാലയളവില്‍ ലേബര്‍ പാര്‍ട്ടി മുന്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണിന്റെ മന്ത്രസഭയില്‍ ട്രഷറി ചീഫ് സെക്രട്ടറിയായും വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ച യെവെറ്റ് കൂപ്പറിനെയാണ് ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.