സെപ്റ്റംബർ ആദ്യം ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗുനിയ, ഈസ്റ്റ് തിമോര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിേലേക്ക് മാര്‍പാപ്പ; വിശദാംശങ്ങള്‍ പുറത്തുവിട്ട് വത്തിക്കാന്‍

സെപ്റ്റംബർ ആദ്യം ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗുനിയ, ഈസ്റ്റ് തിമോര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിേലേക്ക് മാര്‍പാപ്പ; വിശദാംശങ്ങള്‍ പുറത്തുവിട്ട് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിലേക്ക് സുദീര്‍ഘമായ അന്താരാഷ്ട്ര യാത്രയ്‌ക്കൊരുങ്ങി ഫ്രാന്‍സിസ് പാപ്പ. സെപ്റ്റംബര്‍ രണ്ടു മുതല്‍ 13 വരെ നടക്കുന്ന സന്ദര്‍ശനത്തില്‍ ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗുനിയ, ഈസ്റ്റ് തിമോര്‍, സിംഗപ്പൂര്‍ എന്നീ നാലു രാജ്യങ്ങള്‍ മാര്‍പാപ്പ സന്ദര്‍ശിക്കും. 12 ദിവസം കൊണ്ട് ഏഴ് വിമാനങ്ങളിലായി 20,000 മൈലുകള്‍ 87-കാരനായ പാപ്പ സഞ്ചരിക്കും. പാപ്പയുടെ അപ്പസ്‌തോലിക യാത്രയുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.

പാപ്പയുടെ തെക്കുകിഴക്കന്‍ ഏഷ്യന്‍ പര്യടനത്തിലെ ആദ്യ സന്ദര്‍ശന സ്ഥലം ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രാജ്യമായ ഇന്തോനേഷ്യയാണ്. അവിടെ അദ്ദേഹം ജക്കാര്‍ത്തയിലെ ഇസ്തിഖ്ലാല്‍ മസ്ജിദില്‍ സര്‍വമത സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. ജക്കാര്‍ത്തയിലെ കത്തീഡ്രല്‍ ഓഫ് ഔവര്‍ ലേഡി ഓഫ് അസംപ്ഷന്‍ സന്ദര്‍ശിക്കുന്ന മാര്‍പാപ്പ, ബിഷപ്പുമാര്‍, വൈദികര്‍, സന്യാസിനിമാര്‍, സെമിനാരിക്കാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

സെപ്റ്റംബര്‍ അഞ്ചിന്, 77,000 പേര്‍ക്ക് ഇരിക്കാവുന്ന ജക്കാര്‍ത്തയിലെ ഗെലോറ ബംഗ് കര്‍ണോ സ്റ്റേഡിയത്തില്‍ വൈകിട്ട് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ മാര്‍പാപ്പയുടെ ഇന്തോനേഷ്യയിലെ സന്ദര്‍ശനം സമാപിക്കും.
ഇന്തോനേഷ്യയില്‍ 29 ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ താമസിക്കുന്നുണ്ട്. അവരില്‍ ഏഴ് ദശലക്ഷം ആളുകള്‍ കത്തോലിക്കരാണ്.
സെപ്റ്റംബര്‍ ഏഴിന് പാപ്പുവ ന്യൂ ഗിനിയയിലെ തന്റെ ആദ്യ സന്ദര്‍ശന ദിനത്തില്‍ തെരുവ് കുട്ടികളെയും വികലാംഗരെയും പരിപാലിക്കുന്ന സ്ഥാപനം സന്ദര്‍ശിക്കും.

ഞായറാഴ്ച തലസ്ഥാനമായ പോര്‍ട്ട് മോറെസ്ബിയിലെ സര്‍ ജോണ്‍ ഗൈസ് സ്റ്റേഡിയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ കാര്‍മികത്വം വഹിക്കും. പാപുവ ന്യൂ ഗിനിയയുടെ പ്രധാനമന്ത്രി ജെയിംസ് മറാപ്പെയുമായി കൂടിക്കാഴ്ച നടത്തും.

97 ശതമാനത്തിലധികം കത്തോലിക്കര്‍ അധിവസിക്കുന്ന ചെറിയ രാജ്യമായ ഈസ്റ്റ് തിമോറിലേക്ക് മാര്‍പാപ്പ സെപ്റ്റംബര്‍ ഒമ്പതിന് യാത്ര ചെയ്യും. റോമിലേക്ക് മടങ്ങുന്നതിന് മുമ്പ് മാര്‍പാപ്പയുടെ അവസാന സ്റ്റോപ്പ് സിംഗപ്പൂരാണ്. സെപ്റ്റംബര്‍ 11-ന് സിംഗപ്പൂരിലെ ലോകപ്രശസ്ത ചാംഗി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിമാനമിറങ്ങും.

സിംഗപ്പൂരിലെ സ്പോര്‍ട്സ് ഹബ് നാഷണല്‍ സ്റ്റേഡിയത്തില്‍ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കുന്നതിന് മുമ്പ് അദ്ദേഹം പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്നം, പ്രധാനമന്ത്രി ലോറന്‍സ് വോങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഏഷ്യയിലെ തന്റെ അവസാന ദിനത്തില്‍, സിംഗപ്പൂരിലെ കാത്തലിക് ജൂനിയര്‍ കോളജില്‍ യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച്ചയില്‍ മാര്‍പാപ്പ അധ്യക്ഷത വഹിക്കുകയും പ്രായമായ ആളുകളെ സന്ദര്‍ശിക്കുകയും ചെയ്യും. പതിമൂന്നാം തീയതി പാപ്പ റോമിലേക്ക് മടങ്ങും.

ഏകദേശം രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഈ യാത്ര ഈ വർഷത്തെ മാര്‍പാപ്പയുടെ ആദ്യത്തെ അന്താരാഷ്ട്ര പര്യടനമായിരിക്കും. സെപ്റ്റംബര്‍ അവസാനം ഫ്രാന്‍സിസ് മാര്‍പാപ്പ ബെല്‍ജിയത്തിലേക്കും ലക്‌സംബര്‍ഗിലേക്കും നാല് ദിവസത്തെ സന്ദര്‍ശനം നടത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.