തിരുവനന്തപുരം: പി.എസ്.സി അംഗത്വത്തിന് കോഴ വാങ്ങിയതായി സിപിഎം യുവ നേതാവിനെതിരെ ഉയര്‍ന്ന ആരോപണം നിഷേധിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍.
വാര്‍ത്ത ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയപ്പോള്‍ നാട്ടില്‍ പലവിധ തട്ടിപ്പുകളും നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്ന ഒഴുക്കന്‍ മട്ടിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചോദ്യോത്തര വേളയിലാണ് എം.കെ മുനീറിന് വേണ്ടി എന്‍. ഷംസുദ്ദീന്‍ വിഷയം ചൂണ്ടിക്കാണിച്ചത്.
'പി.എസ്.സി അംഗമാകുന്നതിന് ഭരണ കക്ഷി നേതാവ് 60 ലക്ഷം രൂപ കോഴ ചോദിച്ചു. ഇതില്‍ 22 ലക്ഷം രൂപ നേതാവിന് കൈമാറിയെന്നും സംഭവത്തില്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ അന്വേഷണം നടക്കുന്നുവെന്നുമാണ് പുറത്തുവന്ന വാര്‍ത്തയില്‍ ഉള്ളത്.
ഇതിന് മുന്‍പും പി.എസ്.സി അംഗമാകുന്നതിന് പണം വാങ്ങുന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു. കോഴിക്കോട്ടു നിന്ന് ഉയരുന്ന ഈ ആരോപണത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുക'?- ഷംസുദ്ദീന്‍ ചോദിച്ചു.
ഭരണഘടന അനുസരിച്ച് മുന്നോട്ട് പോകുന്ന ഏജന്‍സിയാണ് കേരളത്തില്‍ പി.എസ്.സി. അതിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഒട്ടേറെ ശ്രമങ്ങള്‍ നേരത്തേ തന്നെ ഉണ്ടായിട്ടുണ്ട്. ഇത് നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'പി.എസ്.സി അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതോ നിയമിക്കുന്നതോ ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടാണെന്ന് ആര്‍ക്കും പറയാനാകില്ല. ഒരു തരത്തിലുമുള്ള വഴിവിട്ട രീതികളും ഉണ്ടാകാറില്ല. നാട്ടില്‍ പലവിധ തട്ടിപ്പുകളും നടക്കുന്നുണ്ട്. അതിന് സ്വാഭാവിക നടപടി ഉണ്ടാകും' - ഇതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഎം യുവ നേതാവിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റിയംഗം പ്രമോദ് കൊട്ടൂളിയാണ് കോഴ വാങ്ങിയതെന്നാണ് വിവരം. ഇയാളെ സിപിഎം, സിഐടിയു ഭാരവാഹിത്വങ്ങളില്‍ നിന്നും നീക്കും. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നാലംഗ കമ്മിഷനെയും സിപിഎം നിയമിച്ചു.
ഹോമിയോ ഡോക്ടര്‍മാരായ ദമ്പതികളാണ് പി.എസ്.സി അംഗത്വത്തിന് പ്രമോദ് 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് പരാതിപ്പെട്ടത്. വനിതാ ഡോക്ടര്‍ക്കായി ഭര്‍ത്താവാണ് തുക നല്‍കിയത്. 20 ലക്ഷം രൂപ അംഗത്വത്തിനും രണ്ട് ലക്ഷം രൂപ മറ്റ് ചെലവുകള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ കൈമാറിയത്.
60 ലക്ഷം രൂപ നല്‍കിയാല്‍ പി.എസ്.സി അംഗത്വം നല്‍കാമെന്നായിരുന്നു പ്രമോദിന്റെ വാഗ്ദാനം. പണം വാങ്ങിയ ശേഷം അംഗത്വം ലഭിച്ചില്ല. പിന്നാലെ ആയുഷ് മിഷനില്‍ ഉയര്‍ന്ന തസ്തിക വാഗ്ദാനം ചെയ്തെങ്കിലും നടന്നില്ല. ഇതോടെയാണ് ഇയാള്‍ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.