ഗ്യാസ് കണക്ഷന്‍ എത്രയും പെട്ടെന്ന് മസ്റ്ററിങ് ചെയ്യണോ? കേന്ദ്രത്തിന്റെ മറുപടി ഇങ്ങനെ

ഗ്യാസ് കണക്ഷന്‍ എത്രയും പെട്ടെന്ന് മസ്റ്ററിങ് ചെയ്യണോ? കേന്ദ്രത്തിന്റെ മറുപടി ഇങ്ങനെ

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടര്‍ യഥാര്‍ത്ഥ ഉടമയുടെ കൈയിലാണോ എന്നത് ഉറപ്പുവരുത്താന്‍ മസ്റ്ററിങ് നടത്തണം എന്ന ഉത്തരവില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തി. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. ഇ-കെവൈസി നടപടികള്‍ എല്‍പിജി സ്ഥിരം ഉപയോക്താക്കള്‍ക്ക് വരുത്തിയ തടസങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അയച്ച കത്തിന് മറുപടിയായി എക്സിലൂടെയാണ് മന്ത്രി പ്രതികരിച്ചത്.

ആധാറുമായി പാചകവാതകത്തെ ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരോ പാചകവാതക കമ്പനികളോ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി കുറിച്ചു. മാത്രമല്ല ഇതിനായി ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈലും ഉപയോഗിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. ഇ-കെവൈസി നടപടി കഴിഞ്ഞ എട്ട് മാസത്തോളമായി നിലവിലുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇ-കെവൈസി നടപടികള്‍ ഉപഭോക്താവ് സൗകര്യമനുസരിച്ച് വിതരണക്കാരന്റെ ഓഫീസ് സന്ദര്‍ശിച്ച് രേഖപ്പെടുത്തുകയോ ഒഎംസി ആപ്പ് ഉപയോഗിച്ച് ചെയ്യുകയോ ആകാം. ഗ്യാസ് വിതരണ സമയത്ത് വിതരണക്കാരന്‍ ഉപയോക്താവിന്റെ വിവരങ്ങള്‍ പരിശോധിക്കും. ഒരു ആപ്പ് ഉപയോഗിച്ചാണിത്. ശേഷം നടപടി കഴിയുമ്പോള്‍ ഒരു ഒടിപി നമ്പര്‍ ഉപയോക്താവിന് മൊബൈലില്‍ ലഭിക്കും.

അവസാന തിയതി നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും വലിയതോതിലാണ് ആളുകള്‍ ഏജന്‍സികളിലേയ്ക്ക് എത്തുന്നത്. മസ്റ്ററിങ് നടത്തിയില്ലെങ്കില്‍ അടുത്ത മാസം മുതല്‍ ഗ്യാസ് ലഭിക്കില്ലെന്ന് വാര്‍ത്ത പ്രചരിച്ചതും തിരക്കിന് കാരണമായി. കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കേണ്ടിവരുന്നത് വയോധികരെയും രോഗികളെയും വലച്ചു. പ്രായമായവരുടെ പേരിലാണ് ഭൂരിഭാഗം കണക്ഷനുകളും. അതിനാല്‍ ഇവര്‍ നേരിട്ട് ഏജന്‍സി ഓഫിസുകളില്‍ എത്തണം. ഓണ്‍ലൈനിലൂടെ വിവരങ്ങള്‍ പുതുക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുതിര്‍ന്നവര്‍ക്ക് ഇതിന് കഴിയാത്ത സ്ഥിതിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.