ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നിട്ടില്ലെന്നും ബിഹാറിലെ ഒറ്റ പരീക്ഷാ കേന്ദ്രത്തില്‍ മാത്രമാണ് പേപ്പര്‍ ചോര്‍ന്നതെന്ന് സിബിഐ. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പേപ്പര്‍ ചോര്‍ച്ച വ്യാപകമല്ല. ചോര്‍ച്ച പ്രാദേശികം മാത്രമാണ്. ഏതാനും വിദ്യാര്‍ത്ഥികളെ മാത്രമാണ് ബാധിച്ചത്. ചോര്‍ന്ന ചോദ്യപേപ്പര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടില്ല. പ്രചരിച്ചത് വ്യാജ ചോദ്യപേപ്പറിന്റെ സ്‌ക്രീന്‍ഷോട്ട് ആണെന്നും സിബിഐ മുദ്രവച്ച കവറില്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ത്തിയത് പരീക്ഷക്ക് വേണ്ടി ഝാര്‍ഖണ്ഡിലെ സ്‌കൂളിലേക്ക് കൊണ്ടു പോകും വഴിയാണെന്ന് കണ്ടെത്തിയതായും സിബിഐ സൂചിപ്പിച്ചു. ചോര്‍ത്തിയ പരീക്ഷാ പേപ്പറുകള്‍ 50 ലക്ഷം വരെ വാങ്ങി ബീഹാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചു. പരീക്ഷാ പേപ്പര്‍ ചോര്‍ന്ന വിഷയം വ്യക്തമായിരുന്നിട്ടും സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം സമയത്ത് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ അറിയിച്ചില്ല. വിവരം അറിഞ്ഞ ശേഷം എന്‍ടിഎയും തെളിവുകള്‍ മറച്ചുവച്ചുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
നീറ്റ്-യു.ജിയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും ലോക്ക് പൊട്ടിയിട്ടില്ലെന്നുമാണ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ആവര്‍ത്തിക്കുന്നത്. ഒരു പരീക്ഷാ കേന്ദ്രത്തിലെ ആറ് പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചത് സമയനഷ്ടം മൂലം ഗ്രേസ് മാര്‍ക്ക് നല്‍കിയതിനാലാണ്. ജൂണ്‍ 23 ന് നടത്തിയ പുനപരീക്ഷയില്‍ ഇവര്‍ക്ക് മുഴുവന്‍ മാര്‍ക്കും നേടാനായില്ല. ഇതോടെ 720 ല്‍ 720 മാര്‍ക്കും നേടിയവരുടെ എണ്ണം 67 ല്‍ നിന്ന് 61 ആയി കുറഞ്ഞെന്നും എന്‍ടിഎ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്നുണ്ടാകും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. പുനപരീക്ഷ സംബന്ധിച്ച് സുപ്രീം കോടതി നിര്‍ണായക തീരുമാനമെടുക്കും. നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടമായാല്‍ പുനപരീക്ഷ നടത്താമെന്ന് സുപ്രീം കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.