ചില കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് തിരിച്ചെടുത്തത്; വീഴ്ച സമ്മതിച്ച് കെസിഎ: മനുവിന്റെ കോച്ചിങ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും

ചില കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് തിരിച്ചെടുത്തത്; വീഴ്ച സമ്മതിച്ച് കെസിഎ: മനുവിന്റെ കോച്ചിങ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും

തിരുവനന്തപുരം: പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിയായ മനുവിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ക്രിക്കറ്റ് കോച്ച് ആയി തുടരാന്‍ അനുവദിച്ചത് വീഴ്ചയാണെന്ന് സമ്മതിച്ച് കെസിഎ.

ചില കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് മനുവിനെ തിരിച്ചെടുത്തതെന്നും മനുവിന്റെ കോച്ചിങ് സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കുമെന്നും കെസിഎ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേസില്‍ മനുവിനെ സംരക്ഷിച്ചിട്ടില്ലെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. പോക്സോ കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് മനുവിനെ തിരിച്ചെടുത്തത്. ആ സമയത്ത് ചില കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടായിരുന്നു.

മനുവിനെ തിരിച്ചെടുക്കണമെന്ന് രക്ഷിതാക്കളും കുട്ടികളും ആവശ്യപ്പെട്ട പ്രകാരമാണ് തിരിച്ചെടുത്തത്. വിഷയത്തില്‍ പ്രതികരിക്കാതെ മാറി നിന്നിട്ടില്ലെന്നും കെസിഎ ഭാരവാഹികള്‍ പറഞ്ഞു.

പ്രതിയെ സംരക്ഷിക്കാന്‍ കെസിഎ ശ്രമിച്ചെന്ന് പറയുന്നത് വാസ്താ വിരുദ്ധമാണ്. അത്തരത്തിലൊരാളെ സംരക്ഷിക്കേണ്ട ബാധ്യത അസോസിയേഷനില്ല. 2022 ലാണ് മനുവിനെതിരെ ആദ്യം പരാതി വന്നത്.

അന്ന് രക്ഷിതാക്കളോ കുട്ടികളോ ആരും തന്നെ മനുവിനെതിരെ മൊഴി നല്‍കിയിട്ടില്ല. പകരം അനുകൂലമായാണ് മൊഴി നല്‍കിയത്. ചൈല്‍ഡ് ലൈനും പൊലീസും അന്വേഷണം നടത്തിയപ്പോഴാണ് കേസില്‍ സത്യം പുറത്തുവന്നതെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.

മനുവിനെ തിരിച്ചെടുത്തതിന് പിന്നാലെ പരിശീലന സമയത്ത് രക്ഷിതാക്കളില്‍ ഒരാള്‍ ഉണ്ടാകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ ഒരു വനിതാ കോച്ചിനെ നിയമിച്ചിരുന്നു. കുടുതല്‍ സിസിടിവികള്‍ സ്ഥാപിച്ചിരുന്നതായും ഭാരവാഹികള്‍ പറഞ്ഞു.

മനു പരിശീലിപ്പിച്ച കുട്ടികള്‍ക്ക് കെസിഎ ബാലവകാശ കമ്മീഷന്‍ വഴി കൗണ്‍സിലിങ് നല്‍കും. വനിതാ പരിഹാര സെല്‍ രൂപികരിക്കുമെന്നും കെസിഎ ഭാരവാഹികള്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.