ജോയിയെ കാണാതായിട്ട് 10 മണിക്കൂര്‍ പിന്നിട്ടു; തിരയാന്‍ റോബോട്ടും

ജോയിയെ കാണാതായിട്ട് 10 മണിക്കൂര്‍ പിന്നിട്ടു; തിരയാന്‍ റോബോട്ടും

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിയെ ഇതുവരെ കണ്ടെത്തിയില്ല. മാന്‍ഹോളില്‍ റോബോട്ടിനെ ഉപയോഗിച്ച് പരിശോധന തുടരുകയാണ്. മാലിന്യം മാറ്റാനായാണ് റോബോട്ടിക് സഹായം.

അതേസമയം ജോയിയെ കാണാതായിട്ട് പത്ത് മണിക്കൂറിലധികം പിന്നിട്ടു. പരിശോധനയ്ക്കിടെ അപകടം നടന്ന ഭാഗത്തെ ടണലിന്റെ 40 മീറ്റര്‍ വരെ ഉള്ളിലേക്ക് ഒരു സംഘം സ്‌കൂബ ടീം കടന്നുവെങ്കിലും മാലിന്യകൂമ്പാരം കാരണം മുന്നോട്ടു പോകാന്‍ സാധിച്ചില്ല. പിന്നാലെയാണ് റോബോട്ടിന്റെ സഹായം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. മാലിന്യം നീക്കി രാത്രിയിലും പരിശോധന തുടരുകയാണ്.

ഒരാള്‍ക്കു മാത്രം ഇറങ്ങാവുന്ന മാന്‍ഹോളിലേക്ക് ആളുകള്‍ ഇറങ്ങുന്നത് അപകടമാണെന്ന് കണ്ടാണ് റോബോട്ടിനെ എത്തിച്ചത്. ടെക്‌നോപാര്‍ക്കിലെ ജെന്‍ റോബോട്ടിക്‌സ് കമ്പനിയുടേതാണ് റോബോട്ട്. രണ്ട് റോബോട്ടുകളെയാണ് എത്തിച്ചത്.

കോര്‍പറേഷന്റെ താല്‍കാലിക തൊഴിലാളിയാണ് ജോയ്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മൂന്ന് പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ കയര്‍ ഇട്ടുകൊടുത്തെങ്കിലും ജോയിക്ക് പിടിച്ചുകയറാനായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.