ട്രംപിനെ വെടിവച്ചത് 20 കാരനായ തോമസ് മാത്യു ക്രൂക്‌സ്; അന്വേഷണം ഊര്‍ജിതമാക്കി എഫ്.ബി.ഐ

ട്രംപിനെ വെടിവച്ചത് 20 കാരനായ തോമസ് മാത്യു ക്രൂക്‌സ്; അന്വേഷണം ഊര്‍ജിതമാക്കി എഫ്.ബി.ഐ

വാഷിങ്ടണ്‍: അമേരിക്കയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെടിവെച്ചത് 20കാരനെന്ന് റിപ്പോര്‍ട്ട്. പെന്‍സില്‍വാനിയയിലെ ബെഥേല്‍ പാര്‍ക്കില്‍ താമസിക്കുന്ന തോമസ് മാത്യു ക്രൂക്‌സ് ആണ് വെടിയുതിര്‍ത്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപിനു നേരെ നടന്നത് കൊലപാതക ശ്രമമാണെന്ന് എഫ്ബിഐ സ്ഥിരീകരിച്ചു. അതേസമയം ആക്രമണത്തിനു പ്രേരിപ്പിച്ച കാരണം വ്യക്തമല്ല.

ബട്ട്ലര്‍ ഫാം ഷോ ഗ്രൗണ്ടിലെ സ്റ്റേജില്‍ നിന്ന് 130 മീറ്ററിലധികം അകലെയുള്ള ഒരു നിര്‍മ്മാണ പ്ലാന്റിന്റെ മേല്‍ക്കൂരയിലാണ് ക്രൂക്‌സ് നിന്നത്. ശനിയാഴ്ച വൈകീട്ടാണ് ഇയാള്‍ ഇവിടെ എത്തിയത്. ഇവിടെ നിന്ന് ഇയാള്‍ നിരവധി തവണ വെടിയുതിര്‍ത്തെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ തന്നെ അക്രമിയെ പോലീസ് കൊലപ്പെടുത്തിയിരുന്നു. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പെടെ അന്വേഷണം ഊര്‍ജിതമാക്കി. ക്രൂക്‌സിന്റെ പശ്ചാത്തലമടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ട്രംപിന് നേരെ വധശ്രമം ഉണ്ടായത്. സീക്രട്ട് സര്‍വീസ് ഏജന്റുമാരാണ് അക്രമിയെ വെടിവെച്ച് കൊന്നത്. നിലവില്‍ ഭീഷണി ഒഴിഞ്ഞതായാണ് വിശ്വസിക്കുന്നതെന്ന് പെന്‍സില്‍വാനിയ സ്റ്റേറ്റ് പൊലീസ് അറിയിച്ചു.

ആക്രമണത്തില്‍ തന്റെ ബന്ധുവിന് പരിക്കേറ്റതായി ടെക്‌സാസിലെ റിപ്പബ്ലിക്കന്‍ യു.എസ് പ്രതിനിധി റോണി ജാക്‌സണ്‍ പറഞ്ഞു. കഴുത്തിലാണ് ഇയാള്‍ക്ക് വെടിയേറ്റത്.

വെടിയേറ്റ് ചികിത്സയിലായിരുന്ന ട്രംപ് ആശുപത്രി വിട്ടതായി റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ട്രംപുമായി ഫോണില്‍ സംസാരിച്ചു. സംഭവത്തെ ബൈഡന്‍ അപലപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.