റോം: ഇറ്റലിയില്‍ വെറോണ പ്രവിശ്യയിലെ ഇന്ത്യക്കാരായ 33 കര്‍ഷകത്തൊഴിലാളികളെ അടിമകളാക്കി ജോലി ചെയ്യിച്ച രണ്ട് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു. കാര്‍ഷിക കമ്പനികളുടെ ഉടമസ്ഥരായ പ്രതികള്‍ രേഖകളില്ലാതെ ജീവനക്കാരെ നിയമിച്ച് നികുതി വെട്ടിപ്പ് നടത്തിയതായി ഇറ്റാലിയന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 475,000 യൂറോ വിലമതിക്കുന്ന സ്വത്തുക്കളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. തൊഴിലാളികളെ ചൂഷണം ചെയ്തതിന് ഇരുവര്‍ക്കുമെതിരെ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
ഇന്ത്യന്‍ വംശജരടങ്ങിയ മാഫിയയാണ് സീസണല്‍ വര്‍ക്ക് പെര്‍മിറ്റില്‍ തൊഴിലാളികളെ ഇറ്റലിയിലേക്ക് കൊണ്ടുവന്നത്. മെച്ചപ്പെട്ട തൊഴില്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് ഇവരില്‍ നിന്ന് 17,000 യൂറോ വീതം കൈപ്പറ്റുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സംസ്ഥാനമായ പഞ്ചാബില്‍ നിന്നും മറ്റും ജോലി തേടിയെത്തുന്ന തൊഴിലാളികളിലധികം പേരും കാര്‍ഷിക മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ വലിയ ചൂഷണത്തിനിരയാകുന്നതായാണ് റിപ്പോര്‍ട്ട്.
സ്‌ട്രോബറി കൃഷിയിടത്തിലെ യന്ത്രത്തില്‍ കുടുങ്ങി പരിക്കേറ്റ 31 കാരനായ സിഖ് തൊഴിലാളി കഴിഞ്ഞമാസം രക്തം വാര്‍ന്ന് മരിച്ചിരുന്നു. തൊഴിലുടമ ഇയാള്‍ക്ക് കൃത്യസമയത്ത് ചികിത്സ നല്‍കാന്‍ തയാറാകാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് ഇറ്റാലിയന്‍ അധികൃതര്‍ കൃഷിയിടങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു.
മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ഇറ്റലിയോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അപലപിക്കുകയും ചെയ്തു.
ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഇറ്റലിയിലെ കൃഷിയിടങ്ങളില്‍ തൊഴിലെടുക്കുന്നുണ്ട്. ഭൂരിഭാഗം പേരും സിഖുകാരാണ്. അനധികൃതമായി നിയമിച്ച ഇവര്‍ക്ക് മതിയായ ശമ്പളമോ മറ്റു സൗകര്യങ്ങളോ നല്‍കുന്നില്ല. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇറ്റലിയിലെ തൊഴിലിടങ്ങളില്‍ അപകട മരണങ്ങള്‍ കൂടുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.