'റെയില്‍വേ സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടി'; മാലിന്യ പ്രശ്‌നത്തില്‍ ആറ് മാസത്തിനകം മാറ്റം വരുത്തുമെന്ന് മന്ത്രി എം.ബി രാജേഷ്

'റെയില്‍വേ സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടി'; മാലിന്യ പ്രശ്‌നത്തില്‍ ആറ് മാസത്തിനകം മാറ്റം വരുത്തുമെന്ന് മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ആറ് മാസത്തിനകം മാലിന്യ പ്രശ്‌നത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി എം.ബി രാജേഷ്. ജോയിയെ കണ്ടെത്താന്‍ നടന്നത് മഹത്തായ രക്ഷാപ്രവര്‍ത്തനമാണ്. രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു എന്നും മന്ത്രി ആരോപിച്ചു. അപകടം നടന്നത് റെയില്‍വേ ഭൂമിയിലാണ്. സര്‍ക്കാരിനും നഗരസഭയ്ക്കും ഒന്നും ചെയ്യാനാകില്ല. മാലിന്യ സംസ്‌കരണത്തിനായുള്ള യോഗത്തില്‍ റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരെത്തിയില്ലെന്നും രാജേഷ് കുറ്റപ്പെടുത്തി.

മാലിന്യ നീക്കത്തില്‍ ഇനിയും റെയില്‍വേ സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. മാലിന്യ നീക്കവുമായി ബന്ധപ്പെട്ട യോഗത്തില്‍ രണ്ട് ഡി.ആര്‍.എമ്മുമാരും പങ്കെടുക്കാന്‍ തയ്യാറായില്ല. മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ട 20 കര്‍മ്മ പദ്ധതികള്‍ ആ യോഗത്തിന്റെ മിനിട്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മിനിട്സില്‍ രേഖപ്പെടുത്തിയ 22 കാര്യങ്ങളില്‍ 20 എണ്ണവും റെയില്‍വേ ചെയ്യേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

റെയില്‍വേ പാതയില്‍ അങ്ങോളമിങ്ങോളം പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞുകിടക്കുകയാണ്. ഏറ്റവും വലിയ പ്ലാസ്റ്റിക് മാലിന്യ ഉല്‍പാദകരുടെ ഗണത്തിലാണ് റെയില്‍വേയെ ഹൈക്കോടതി ഉള്‍പ്പെടുത്തിയത്. റെയില്‍വേ പാതയിലും റെയില്‍വേ ഭൂമിയിലും ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് തടയാന്‍ റെയില്‍വേ നടപടി സ്വീകരിക്കണമെന്നാണ് ജൂലൈ ആറിന് ഹൈക്കോടതി നിര്‍ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. മാലിന്യനീക്കവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭ റെയില്‍വേയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ലെന്നും മന്ത്രി ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.