മര്യനാട് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം; മഴക്കെടുതിയില്‍ തിരുവനന്തപുരത്തും ഇടുക്കിയിലും മരണം

 മര്യനാട് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം; മഴക്കെടുതിയില്‍ തിരുവനന്തപുരത്തും ഇടുക്കിയിലും മരണം

തിരുവനന്തപുരം: വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. മര്യനാട് അര്‍ത്തിയില്‍ പുരയിടത്തില്‍ അലോഷ്യസ് (45) ആണ് മരിച്ചത്. തിരുവനന്തപുരം മര്യനാട് ഇന്ന് രാവിലെയാണ് സംഭവം.

മത്സ്യബന്ധനത്തിനായി പോയ വള്ളം കരയ്ക്ക് അല്‍പം മാത്രം ദൂരെയായി മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും അലോഷ്യസ് അവശനായി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുതലപ്പൊഴിയില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം ദൂരെയാണ് മര്യനാട്. ശക്തമായ തിരമാലയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഇതിനിടെ, ഇടുക്കിയില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു. ഇടുക്കി മാങ്കുളത്ത് ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. താളുങ്കണ്ടംകുടി സ്വദേശി സനീഷ് (20) ആണ് മരിച്ചത്. കനത്ത മഴയില്‍ വഴി കൃത്യമായി തിരിച്ചറിയാന്‍ സാധിക്കാത്തതാണ് അപകടത്തിന് കാരണമായത്. കാല്‍വഴുതി പുഴയിലേയ്ക്ക് വീഴുകയായിരുന്നു.

കനത്ത മഴയില്‍ മരം കടപുഴകി കാറിനുമുകളില്‍ വീണ് യുവതി മരിച്ചു. തിരുവനന്തപുരം വഴയില ആറാംകല്ലിലാണ് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കാറില്‍ യാത്ര ചെയ്തിരുന്ന തൊളിക്കോട് സ്വദേശി മോളി(42)യാണ് മരിച്ചത്. യുവതിക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിന് പരിക്കേറ്റു. എന്നാല്‍ ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. വലിയ ആല്‍മരം കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. കാര്‍ നിശേഷം തകര്‍ന്നു.

മരം വീണയുടന്‍ തന്നെ ഭര്‍ത്താവിന് പുറത്തിറങ്ങാന്‍ കഴിഞ്ഞു. എന്നാല്‍ മോളിയ്ക്ക് സാധിച്ചില്ല. കാര്‍ വെട്ടിപ്പൊളിച്ച ശേഷമാണ് മോളിയെ പുറത്തെടുത്തത്. ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.