സര്‍വീസ് ആഴ്ചയില്‍ മൂന്ന് ദിവസം; കൊച്ചി-ബംഗളൂരു വന്ദേഭാരത് ഉടന്‍

 സര്‍വീസ് ആഴ്ചയില്‍ മൂന്ന് ദിവസം; കൊച്ചി-ബംഗളൂരു വന്ദേഭാരത് ഉടന്‍

കൊച്ചി: മലയാളികള്‍ കാത്തിരിക്കുന്ന കൊച്ചി-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ഉടന്‍ ആരംഭിച്ചേക്കും. സര്‍വീസ് പ്രായോഗികമാണെന്ന് ഓപ്പറേഷന്‍, മെക്കാനിക്കല്‍ വിഭാഗങ്ങള്‍ ദക്ഷിണ റെയില്‍വേയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. ആഴ്ചയില്‍ മൂന്ന് ദിവസം വരെ സര്‍വീസ് നടത്താനാണ് നിര്‍ദേശം.

ഓണത്തിന് മുമ്പ് തന്നെ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുമെന്നാണ് നേരത്തെ റെയില്‍വേയും അനൗദ്യോഗികമായി അറിയിച്ചിരുന്നത്. റെയില്‍വേ ബോര്‍ഡ് ഉടനെ അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനായി എത്തിച്ച ട്രെയിന്‍ മാസങ്ങളോളം കേരളത്തില്‍ വെറുതേ കിടന്നിരുന്നു. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചി-ബംഗളൂരു സര്‍വീസ് നടത്താനാണ് സാധ്യത.

സര്‍വീസ് നടത്തുന്ന ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടിന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 10:50 ന് ബംഗളൂരുവില്‍ എത്തിച്ചേരുന്ന രീതിയിലാകും സര്‍വീസ്. മടക്കയാത്ര അടുത്ത ദിവസം പുലര്‍ച്ചെ 4:30 ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:20 ന് എറണാകുളത്ത് എത്തുന്ന രീതിയിലായിരിക്കും.

കേരളത്തില്‍ എറണാകുളത്തിന് പുറമേ തൃശൂര്‍, പാലക്കാട് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ആയിരിക്കും സ്റ്റോപ്പുകള്‍. നിലവില്‍ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളും കേരളത്തില്‍ ഹിറ്റായി ഓടിയിട്ടും മൂന്നാം വന്ദേഭാരത് അനുവദിച്ച ശേഷം സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോയത് വലിയ രാഷ്ട്രീയ ചര്‍ച്ചയായി മാറിയിരുന്നു. ഇതോടെയാണ് ബംഗളൂരു-കൊച്ചി സര്‍വീസിന്റെ പ്രായോഗികത പഠിക്കാന്‍ റെയില്‍വേ മന്ത്രാലയം നിര്‍ദേശിച്ചത്.

നേരത്തെ കര്‍ണാടക-കേരള ട്രാവലേഴ്‌സ് ഫോറം ഭാരവാഹികള്‍ ദക്ഷിണ പശ്ചിമ റെയില്‍വേ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ (ഡി.ആര്‍.എം) ഓഫിസില്‍ ഡിവിഷണല്‍ ഓപറേഷന്‍സ് മാനേജര്‍ (ഡി.ഒ.എം) നൈനിശ്രീ രംഗനാഥ് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ഈ റൂട്ടില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. അതിന് ഓണത്തിന് മുമ്പ് സര്‍വീസ് ആരംഭിക്കുമെന്ന് മറുപടി നല്‍കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.