ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥന നടന്ന വീട്ടില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ച് വീട്ടില്‍ അതിക്രമിച്ചു കയറിയ ഹിന്ദുത്വ വാദികളുടെ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. പാസ്റ്ററും സ്ത്രീകളും കുട്ടികളും മര്‍ദനമേറ്റവരില്‍പ്പെടുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകനും മുന്‍ സൈനികനുമായ ദേവേന്ദ്ര ദോഭാലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. വീട്ടിലുണ്ടായിരുന്ന കുരിശ് തൊഴിച്ചെറിഞ്ഞ സംഘ്പരിവാര്‍ അക്രമികള്‍ വീട്ടുപകരണങ്ങളും ലാപ്‌ടോപ്പടക്കമുള്ളവയും അടിച്ചു തകര്‍ക്കുകയും ചെയ്തു.
നിങ്ങളുടെ സിന്ദൂരവും മംഗല്‍ സൂത്രയും എവിടെ എന്ന് ചോദിച്ചായിരുന്നു സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം. പാസ്റ്ററടക്കമുള്ളവരെ മര്‍ദിച്ച അക്രമി സംഘം കുട്ടികളുടെ തലയ്ക്കടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും മര്‍ദനമേറ്റവര്‍ പറയുന്നു.
അക്രമികള്‍ ക്രൈസ്തവ വിശ്വാസത്തെ അധിക്ഷേപിക്കുകയും ചെയ്തു. 'ക്രിസ്ത്യാനികള്‍ പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ ലക്ഷ്യമിടുന്നു. അവര്‍ക്ക് അരി നല്‍കി പ്രലോഭിപ്പിച്ച് ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു'- എന്നാണ് പുറത്തു വന്ന വീഡിയോയില്‍ അക്രമികളുടെ ആരോപണം.
സംഘ്പരിവാര്‍ അക്രമികള്‍ കുട്ടികളെ പോലും വെറുതെവിട്ടില്ലെന്ന് പാസ്റ്റര്‍ രാജേഷ് ഭൂമി പറഞ്ഞു. അവര്‍ കുട്ടികളോടും മോശമായി പെരുമാറി. തലയില്‍ അടിച്ച ശേഷം എന്തിനാണ് പ്രാര്‍ഥനയ്ക്ക് വന്നതെന്ന് ചോദിച്ചു. ഇനി മേലില്‍ ഞായറാഴ്ച പ്രാര്‍ഥനകളില്‍ പങ്കെടുക്കരുതെന്ന് അവരെ ഭീഷണിപ്പെടുത്തിയെന്നും അദേഹം പറഞ്ഞു.
'അവര്‍ ഞങ്ങളുടെ വാതിലില്‍ വന്ന് ശക്തമായി തട്ടി തുറക്കാനാവശ്യപ്പെട്ടു. തുറന്ന് എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ഒന്നും പറയാതെ അകത്തു കടന്ന് ഇവിടെ നിങ്ങള്‍ മതപരിവര്‍ത്തനം നടത്തുകയല്ലേ എന്ന് ചോദിച്ച് ആക്രോശിക്കുകയായിരുന്നു. എന്താണ് നിങ്ങളുടെ പ്രശ്‌നമെന്നും ഇരുന്ന് സംസാരിക്കാമെന്നും ഞങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ ചെവിക്കൊള്ളാന്‍ തയാറായില്ല.
പകരം ഞങ്ങളോട് തട്ടിക്കയറുകയാണ് ചെയ്തത്. നിങ്ങളുടെ സമുദായത്തിലെ ആളുകള്‍ രക്തം കുടിക്കുമെന്നും സ്ത്രീകള്‍ സിന്ദൂരം ഇടാറില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ എന്റെ വ്യക്തിപരമായ ജീവിതത്തില്‍ ഞാന്‍ ചെയ്യുന്നതെന്തൊക്കെയാണെന്ന് നിങ്ങളറിയേണ്ട കാര്യമില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. പിന്നാലെ അവര്‍ ഞങ്ങളുടെ വീട് തകര്‍ത്തു'- പാസ്റ്ററുടെ ഭാര്യ ദീക്ഷാ ഭൂമി പറഞ്ഞു.
'കുട്ടികളുടെ മുന്നില്‍വച്ചാണ് ഹിന്ദുത്വ അക്രമി സംഘം ഞങ്ങളെ മര്‍ദിച്ചത്. അവര്‍ ഞങ്ങളുടെ ലാപ്‌ടോപ് എടുത്ത് ഭിത്തിയിലെറിഞ്ഞ് തകര്‍ക്കുകയും കുട്ടികളെ സാക്ഷിയാക്കി സ്ത്രീകളെ പോലും മര്‍ദിക്കുകയും ചെയ്തു. ഒരു വയസായ പെണ്‍കുഞ്ഞും ആറ് വയസായ ആണ്‍കുട്ടിയുമാണ് എനിക്കുള്ളത്. വീട്ടുടമയുടെ വെറും രണ്ടും അഞ്ചും വയസുള്ള കുട്ടികളും അവിടെയുണ്ടായിരുന്നു'- ദീക്ഷ കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്ഥലത്തെവിടെയും മതപരിവര്‍ത്തനം നടക്കുന്നില്ലെന്നും നടന്നിട്ടില്ലെന്നും ഡെറാഡൂണ്‍ സീനിയര്‍ എസ്.പി അജയ് സിങ് പറഞ്ഞു. ആക്രമണത്തില്‍ 11 പേര്‍ക്കെതിരെ പൊലീസ് കേസടുത്തിട്ടുണ്ട്.
ദേവേന്ദ്ര ദോഭാല്‍, ബിജേന്ദ്ര താപ, സധീര്‍ താപ, സഞ്ജീവ് പോള്‍, സുധിര്‍ പോള്‍, ധീരേന്ദ്ര ദോഭാല്‍, അര്‍മന്‍ ദോഭാല്‍, ആര്യമന്‍ ദോഭാല്‍, അനില്‍ ഹിന്ദു, ഭൂപേഷ് ജോഷി, ബിജേന്ദ്ര സിങ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ പ്രതികളെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.