പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ ഡോ. എം.എസ് വല്യത്താന്‍ അന്തരിച്ചു

പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ ഡോ. എം.എസ് വല്യത്താന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ ഡോ. എം.എസ് വല്യത്താന്‍ അന്തരിച്ചു. 90 വയസായിരുന്നു. മണിപ്പാല്‍ ആശുപത്രിയില്‍ ഇന്നലെ രാത്രിയില്‍ ആയിരുന്നു അന്ത്യം. ലോകമെങ്ങും ആദരിക്കുന്ന ഹൃദയശസ്ത്രക്രിയാ വിദഗ്ധനാണ് അദേഹം.

മാവേലിക്കര രാജകുടുംബാംഗമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പാസായത്. തുടര്‍ന്ന് ഇംഗ്ലണ്ടിലും അമേരിക്കയിലും ഉപരിപഠനം നടത്തി. 1970 ല്‍ ഹൃദയ ശസ്ത്രക്രിയയില്‍ കാനഡയിലെ റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സിന്റെയും സര്‍ജന്റെയും ഫെലോഷിപ്പും ലഭിച്ചു.

മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ നിര്‍ദേശ പ്രകാരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. ഡോ. എം.എസ് വല്യത്താന്റെ നേതൃത്വത്തിലാണ് ശ്രീചിത്രയിലെ ബയോമെഡിക്കല്‍ വിഭാഗത്തില്‍ ആദ്യമായി ഹൃദയവാല്‍വ് നിര്‍മ്മിച്ചത്. ബ്ലഡ് ബാഗ്, കാര്‍ഡിയോടോമി റിസര്‍വോയര്‍ തുടങ്ങിയ ഡിസ്‌പോസിബിള്‍ ഉപകരണങ്ങളും വികസിപ്പിച്ചു.

അലോപ്പതിക്കൊപ്പം ആയുര്‍വേദവും വല്യത്താന്‍ പഠിച്ചിരുന്നു. ആയുര്‍വേദ ബയോളജി എന്ന ചിന്തയ്ക്കും ഡോ. വല്യത്താന്‍ തുടക്കമിട്ടിരുന്നു. ആദ്യ മണിപ്പാല്‍ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറായിരുന്നു. ദേശീയ ശാസ്ത്ര സാങ്കേതിക അക്കാദമി അധ്യക്ഷനായിരുന്നു. രാജ്യം പത്മവിഭൂഷനും പത്മശ്രീയും നല്‍കി ആദരിച്ചു. നിരവധി ഓണററി ബിരുദങ്ങളും ഫെലോഷിപ്പുകളും അവാര്‍ഡുകളും ഡോ. വല്യത്താന് ലഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.