അസീസി: കോവിഡ് 19 ന്റെ വേദനയെ അതിജീവിക്കാൻ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്നുകൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും പുതിയ ചാക്രികലേഖനം ഫ്രത്തേല്ലി തൂത്തി (എല്ലാവരും സഹോദരർ) പുറത്തിറങ്ങി. സഹോദര സ്നേഹത്തിന്റെ വിശുദ്ധനായ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്ന്റെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധന്റെ അസീസിയിലുള്ള കബറിടത്തിൽ ദിവ്യബലി അർപ്പിച്ചശേഷമാണ് ചാക്രികലേഖനത്തിൽ മാർപാപ്പ ഒപ്പുവച്ചത്. ഇത് ഫ്രാൻസിസ് മാർപാപ്പയുടെ മൂന്നാമത്തെ ചാക്രികലേഖനമാണ്. 200 വർഷങ്ങൾക്കുശേഷം റോമിനു പുറത്തുവെച്ച് ഒരു ചാക്രിക ലേഖനം പുറത്തിറക്കിയ ആദ്യ പോപ്പാണ് ഫ്രാൻസിസ് മാർപാപ്പ. 1814 ൽ ഇറ്റലിയിലെ ചെസേനയിൽ വച്ച് പയസ് ഏഴാമൻ മാർപാപ്പയാണ് ഇതിനുമുൻപ് റോമിനുവെളിയിൽ ഒരു ചാക്രികലേഖനം പുറത്തിറക്കിയത്.
സമാധാനത്തിന്റെ പാപ്പ എന്നറിയപ്പെടുന്ന ഫ്രാൻസിസ് മാർപാപ്പയുടെ എല്ലാ ഔദ്യോഗിക കുറിപ്പുകളിലും സമാധാനവും സഹോദര സ്നേഹവും മുഖ്യപ്രമേയങ്ങളാണ്. മാർപാപ്പയെ ഏറ്റവുമധികം സ്വാധീനിച്ച അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ സാഹോദര്യസങ്കല്പത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണു മാർപാപ്പ ഈ ചാക്രികലേഖനവും തയാറാക്കിയത്. എട്ടു അദ്ധ്യായങ്ങളിലായി തയ്യാറാക്കിയ ഈ ലേഖനം സമകാലീന യുദ്ധാന്തരീക്ഷത്തിൽ വലിയ പ്രത്യാശയും ധൈര്യവും സഭാമക്കൾക്കും ലോകജനതയ്ക്കും പകരുന്നുണ്ട്. ദൈവമക്കളും സഹോദരരും എന്ന നിലയിൽ മനുഷ്യർക്കുള്ള സാമൂഹികവും രാഷ്ട്രീയവും സാന്പത്തികവുമായ ചുമതലകൾ, മനുഷ്യന്റെ തുല്യതയും മഹത്വവും, പാവങ്ങളോടുള്ള പക്ഷംചേരൽ, മനുഷ്യന്റെ കൂട്ടായ്മ, പരിസ്ഥിതി സംരക്ഷണം, സമാധാനസംസ്ഥാപനത്തിനുള്ള ചുമതല, എന്നിവയെല്ലാം ഇതിലെ മുഖ്യ വിഷയങ്ങളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26