'ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വം; അവിശ്രമം എന്ന പദത്തിന് പര്യായം': ഉമ്മന്‍ ചാണ്ടിയെ പ്രകീര്‍ത്തിച്ച് പിണറായി

'ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വം; അവിശ്രമം എന്ന പദത്തിന് പര്യായം': ഉമ്മന്‍ ചാണ്ടിയെ പ്രകീര്‍ത്തിച്ച് പിണറായി

തിരുവനന്തപുരം: ഏത് മേഖലയിലുള്ളവര്‍ക്കും മാതൃകയാക്കാവുന്ന അനേക ഗുണങ്ങള്‍ ഉള്ള വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഉമ്മന്‍ചാണ്ടി ലീഡര്‍ഷിപ് സമ്മിറ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുമുഖമായ അറിവും നേതൃഗുണവും കൃത്യമായി ഉള്‍ച്ചേര്‍ന്ന വ്യക്തിത്വമായിരുന്നു അദേഹത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഉമ്മന്‍ ചാണ്ടിയോട് പല കാര്യങ്ങളിലും യോജിപ്പുണ്ടായിരുന്നു. ചില കാര്യങ്ങളില്‍ വിയോജിപ്പുമുണ്ടായിരുന്നു. ഇതേ വിധത്തില്‍ തന്നെയായിരുന്നു അദേഹത്തിന് എന്നോടുള്ള ബന്ധവും. യോജിക്കുന്നതോ വിയോജിക്കുന്നതോ അല്ല പ്രശ്നം, എന്താണോ മനസിലുള്ളത് അത് തുറന്നുപറയാന്‍ സ്വാതന്ത്ര്യമുണ്ടോ എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

അത്തരത്തില്‍ യോജിപ്പുകളും വിയോജിപ്പുകളും തുറന്ന് പ്രകടിപ്പിച്ചവരായിരുന്നു തങ്ങള്‍. രാഷ്ട്രീയമായി ഇരുചേരികളില്‍ നില്‍ക്കുമ്പോഴും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവുമുണ്ടായിരുന്നില്ല. 2016 ല്‍ മുഖ്യമന്ത്രിയാവാന്‍ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി തിരഞ്ഞെടുത്തതിന് പിന്നാലെ ആദ്യം സന്ദര്‍ശിച്ചത് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയായിരുന്നു.

മികച്ച സഹകരണമാണ് അദേഹത്തില്‍ നിന്നും ലഭിച്ചത്. രാഷ്ട്രീയമായി എതിര്‍പക്ഷത്ത് നില്‍ക്കുമ്പോഴും ക്രിയാത്മക നിര്‍ദേശങ്ങളെ പിന്തുണയ്ക്കുന്ന അദേഹത്തിന്റെ വ്യക്തിത്വം ഏവര്‍ക്കും മാതൃകയാണെന്നും പിണറായി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്ക് പൊതുപ്രവര്‍ത്തനം ജീവതത്തില്‍ അലിഞ്ഞു ചേര്‍ന്നതായിരുന്നു. കേരളത്തോട് ആകെയും പ്രതിനിധാനം ചെയ്ത പുതുപ്പള്ളി മണ്ഡലത്തോട് പ്രത്യേകമായും ആത്മബന്ധം അദേഹം കാത്തു സൂക്ഷിച്ചു. അതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.

റോബര്‍ട്ട് ഫ്രോസ്റ്റിന്റെ പ്രശസ്തമായ വരികള്‍ 'എനിക്കതീവദൂരമുണ്ടവിശ്രമം നടക്കുവാ'നെന്നാണ് മലയാളത്തില്‍ കടമ്മനിട്ട വിവര്‍ത്തനം ചെയ്തത്. ആ വരികളെഴുതിയത് ഉമ്മന്‍ ചാണ്ടിയെക്കുറിച്ചാണെന്ന് നമുക്ക് തോന്നും.

അവിശ്രമം എന്ന പദത്തിന് എല്ലാ നിലയിലും പര്യായമായി മാറിയ ജീവിതമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്. ചെറിയ പ്രതിസന്ധി വന്നാല്‍ തളരാതെ മുന്നോട്ടു പോകാന്‍ പ്രചോദനമാകുന്ന മാതൃകയാണ് ഉമ്മന്‍ ചാണ്ടിയുടേതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.