'ലോറി സിഗ്‌നല്‍ കിട്ടിയ സ്ഥലത്ത് കണ്ടെത്താനായില്ല'; അര്‍ജുനായുള്ള തിരച്ചില്‍ ഗംഗാവലി പുഴയിലേക്ക്

 'ലോറി സിഗ്‌നല്‍ കിട്ടിയ സ്ഥലത്ത് കണ്ടെത്താനായില്ല'; അര്‍ജുനായുള്ള തിരച്ചില്‍ ഗംഗാവലി പുഴയിലേക്ക്

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയ മണ്‍കൂനയില്‍ ലോറി കണ്ടെത്താനായില്ല. റഡാര്‍ പരിശോധന നടത്തി മാര്‍ക്ക് ചെയ്ത സ്ഥലങ്ങളിലെല്ലാം കുഴിച്ചു നോക്കിയെങ്കിലും ലോറി കണ്ടെത്താനായില്ലെന്ന് കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ അറിയിച്ചു.

റോഡില്‍ ലോറി പാര്‍ക്ക് ചെയ്തതെന്ന് കരുതുന്ന മണ്ണിടിഞ്ഞ് വീണ ഭാഗത്തെ മണ്ണിന്റെ 98 ശതമാനം മാറ്റിയെങ്കിലും ട്രക്കിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത പുഴയില്‍ മണ്ണുമല രൂപപ്പെട്ടിട്ടുണ്ട്. അതിനടിയില്‍ ഉണ്ടോ എന്ന് അറിയില്ല. സൈന്യത്തിന്റെ നിര്‍ദേശ പ്രകാരം തിരച്ചില്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.

എന്നാല്‍ റോഡിലേക്ക് വീണ മണ്ണിനടിയില്‍ ലോറി ഇല്ല എന്ന് ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ സമയമായിട്ടില്ല. റോഡിലേക്ക് വീണ മണ്ണില്‍ ഒരിക്കല്‍ കൂടി വിദഗ്ധര്‍ പരിശോധന നടത്തും. ഇനിയും കുഴിച്ച് പരിശോധന നടത്താന്‍ എന്തെങ്കിലും സാധ്യത ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുക. അതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ സാധിക്കൂ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ റോഡില്‍ വീണ മണ്ണില്‍ ലോറി ഉണ്ടാവാനുള്ള സാധ്യത കുറവാണ്. എന്നാല്‍ വീണ്ടും നടത്തുന്ന പരിശോധനയില്‍ ലോറിയുടെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചാല്‍ പറഞ്ഞത് തിരുത്താന്‍ താന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

മണ്ണ് വീണ ഭാഗത്ത് അടിയില്‍ ലോറി ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. ഈ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചാണ് സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് ഏറെക്കുറെ മണ്ണ് മാറ്റി നടത്തിയ പരിശോധനയിലും ലോറി കണ്ടെത്താന്‍ കഴിയാതിരുന്നത്. തൊട്ടടുത്ത പുഴയായ ഗംഗാവലിയില്‍ മണ്ണുമല രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ പുഴയിലേക്ക് മണ്ണ് ഒഴുകിയെത്തി മണ്ണുമല രൂപപ്പെട്ടതാകാം. അതിനടിയില്‍ ലോറി ഉണ്ടോ എന്ന് അറിയില്ല. പുഴയില്‍ തിരച്ചില്‍ നടത്താന്‍ കഴിയുമെങ്കില്‍ ആ സാധ്യതയും തേടും. എന്നാല്‍ പുഴയില്‍ പരിശോധന നടത്തുന്നത് സങ്കീര്‍ണമാണെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.