ഉത്തരാഖണ്ഡ് ദുരന്തത്തില്‍ മരണം പത്തായി; 170 പേരെ കാണാതായി: രക്ഷാ പ്രവര്‍ത്തനം തുടരുന്നു

ഉത്തരാഖണ്ഡ് ദുരന്തത്തില്‍ മരണം പത്തായി;  170 പേരെ കാണാതായി: രക്ഷാ പ്രവര്‍ത്തനം തുടരുന്നു

150 പേര്‍ വരെ മരിച്ചതായി സംശയിക്കുന്നു

തപോവന്‍ ജലവൈദ്യുതി നിലയം ഒലിച്ചുപോയി

രാജ്യം ഉത്തരാഖണ്ഡിനൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി

ഏഴ് വര്‍ഷത്തിനിടെ രണ്ടാമത്തെ വലിയ പ്രകൃതി ദുരന്തം

ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

കര, വ്യോമ, ദുരന്ത നിവാരണ സേനകള്‍ രക്ഷാ പ്രവര്‍ത്തനം തുടരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ചമോലി ജില്ലയിലെ ജോഷിമഠില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരണം പത്തായി. 170 പേരെ കാണാതായി. അളകനന്ദ നദി കരകവിഞ്ഞൊഴുകിയാണു വന്‍ ദുരന്തമുണ്ടായത്. 150 പേര്‍ വരെ മരിച്ചതായി സംശയിക്കുന്നെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് വ്യക്തമാക്കി. തപോവന്‍ ജലവൈദ്യുതി നിലയം ഒലിച്ചുപോയി. എന്‍ടിപിസിയുടെ സൈറ്റില്‍ ജോലി ചെയ്തിരുന്നവരാണ് ദുരന്തത്തിന് ഇരയായവരില്‍ ഏറെയും.

മരിച്ചവരുടെ കുടുംബത്തിനു നാലു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് രണ്ടു ലക്ഷം രൂപയും നല്‍കും. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ ഉടന്‍ കൈമാറും. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ശാസ്ത്രസംഘം സ്ഥലം സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അറിയിച്ചു.

നിര്‍മാണത്തിലിരുന്ന തുരങ്കത്തിനുള്ളില്‍ അകപ്പെട്ട 16 പേരെ ഐടിബിപി സംഘം രക്ഷിച്ചു. രക്ഷപ്പെടുത്തിയതില്‍ മൂന്നു പേര്‍ അബോധാവസ്ഥയിലായതിനാല്‍ ഇവര്‍ക്ക് ഒക്സിജന്‍ നല്‍കി. അടുത്തുള്ള മറ്റൊരു തുരങ്കത്തില്‍ നിന്ന് 12 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനു കര, വ്യോമസേനകള്‍ രംഗത്തുണ്ട്.

2013ലെ പ്രകൃതിദുരന്ത സമയത്തെ മാതൃകയിലാണു രക്ഷാദൗത്യം. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിലയിരുത്തി. മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി, നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പമുണ്ടെന്നും രാജ്യം മുഴുവന്‍ പ്രാര്‍ഥനയിലാണെന്നും അറിയിച്ചു.

ഏഴ് വര്‍ഷത്തിനിടെ രണ്ടാമത്തെ വലിയ പ്രകൃതി ദുരന്തമാണ് ഉത്തരാഖണ്ഡിലുണ്ടായത്. കോവിഡ് കാലമായതിനാല്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറവായത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. 2013 ജൂണ്‍ ആറിന് സുനാമിക്ക് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഉത്തരാഖണ്ഡിലുണ്ടായത്. ഒരു മാസത്തോളം തുടര്‍ച്ചയായി ഉണ്ടായ പ്രളയത്തില്‍ തീര്‍ത്ഥാടകരടക്കം 5,700 പേരാണ് മരിച്ചത്.

ചമോലിയിലെ തപോവന്‍ മേഖലയില്‍ പെട്ടന്നുണ്ടായ മഞ്ഞിടിച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ സ്തംഭിച്ച് നിന്നിടത്ത് ദുരന്ത നിവാരണ സേനയെയടക്കം ഇറക്കി കേന്ദ്രം ഇടപെടുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം ചേര്‍ന്നതിന് പിന്നാലെ കര, വ്യോമ സേനകളെ രക്ഷാ പ്രവര്‍ത്തനത്തിനായി നിയോഗിച്ചു. ഐടിബിപി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളെയും ഉത്തരാഖണ്ഡിലേക്ക് കേന്ദ്രം അയച്ചു.

ദുരന്തമുണ്ടായപ്പോള്‍ അസം, ബംഗാള്‍ പര്യടനത്തിലായിരുന്ന പ്രധാനമന്ത്രിയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സാധാരണ കേദാര്‍നാഥിലേക്കും ബദരിനാഥിലേക്കും പോകുന്ന തീര്‍ത്ഥാടകര്‍ ഉണ്ടാകുന്ന മേഖലയിലാണ് ദുരന്തം ഉണ്ടായത്. ശൈത്യകാലമായതിനാലും കോവിഡ് ഭീഷണി മൂലവും ജോഷിമഠ് അടക്കമുള്ള തീര്‍ത്ഥാടക കേന്ദ്രങ്ങളിലേക്ക് മലയാളികളടക്കമുള്ള സന്ദര്‍ശകരുടെ എണ്ണം കുറവായിരുന്നു.

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള റെനി ഗ്രാമത്തിലേക്ക് നന്ദാദേവി പര്‍വ്വതത്തില്‍ നിന്ന് വന്‍മഞ്ഞുമല ഇടിഞ്ഞുവീണാണ് വന്‍ദുരന്തം ഉണ്ടായത്. വ്യോമസേനയും കരസേനയും ഐടിബിപി ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സേനയും സംയുക്തമായി രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ ചമോലിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.