കോഴിക്കോട്: സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം. അമ്മയുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകള്‍ക്കെതിരെയാണ് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശങ്ങളാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
അര്‍ജുന്റെ അമ്മ സൈന്യത്തെ ഉള്‍പ്പെടെ വിമര്‍ശിച്ച് വൈകാരികമായി സംസാരിച്ചതോടെയാണ് ഒരു വിഭാഗം ഇവര്‍ക്കെതിരെ തിരിഞ്ഞത്. അര്‍ജുനെ ജീവനോടെ കിട്ടുമെന്ന പ്രതീക്ഷയില്ലെന്നാണ് അമ്മ ഷീല പറഞ്ഞത്. അര്‍ജുന്‍ വീഴാന്‍ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായത്. ഇനി യാതൊരു പ്രതീക്ഷയുമില്ല. സൈന്യം എത്തിയപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷ ഇല്ലാതായി. സൈന്യം മതിയായ രീതിയില്‍ ഇടപെട്ടുവെന്ന് തോന്നുന്നില്ലെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമായത്.
അതിനിടെ കര്‍ണാടക ഷിരൂരില്‍ നദിയില്‍ അര്‍ജുന്റെ ലോറി കണ്ടെത്തിയതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ രഞ്ജിത് ഇസ്രായേലിനെതിരെയും രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ലോറി കരയില്‍ തന്നെയുണ്ടാകും എന്ന രഞ്ജിത്തിന്റെ വാക്കുകളാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്.
16 ന് അര്‍ജുനെ കാണാതായെങ്കിലും കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തിരച്ചില്‍ നടപടികള്‍ കാര്യക്ഷമമല്ല എന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് നിരവധിപ്പേരാണ് ഷിരൂരിലേക്ക് പോയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.