പി.ടി തോമസ് തൃക്കാക്കരയില്‍ വേണ്ടന്ന് പ്രാദേശിക നേതാക്കള്‍; കാരണങ്ങള്‍ നിരത്തി ഹൈക്കമാന്റിന് നിവേദനം

പി.ടി തോമസ് തൃക്കാക്കരയില്‍ വേണ്ടന്ന് പ്രാദേശിക നേതാക്കള്‍;  കാരണങ്ങള്‍ നിരത്തി ഹൈക്കമാന്റിന് നിവേദനം

കൊച്ചി: പി.ടി തോമസിനെ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന ആവശ്യവുമായി ഹൈക്കമാന്റിന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. ഡിസിസി ഭാരവാഹികളും ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റി ഭാരവാഹികളും പി.ടിയ്‌ക്കെതിരെ രംഗത്തുണ്ട്. ഹൈക്കമാന്റിനും കെപിസിസി നേതൃത്വത്തിനും ഇതുസംബന്ധിച്ച് നിവേദനം നല്‍കി. മത്സരിപ്പിക്കാതിരിക്കാനുള്ള 15 കാരണങ്ങള്‍ നിരത്തിയാണ് നിരവധി പേര്‍ ഒപ്പിട്ട നിവേദനം കൈമാറിയിരിക്കുന്നത്.

ഇത്തവണ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനുള്ള ചരടുവലികള്‍ തോമസ് ശക്തമാക്കുന്നതിനിടെയാണ് പ്രദേശിക എതിര്‍പ്പ് ശക്തമായിരിക്കുന്നത്. ഇടപ്പള്ളി അഞ്ചുമനയിലെ റിയല്‍ എസ്റ്റേറ്റ് കള്ളപ്പണം ഇടപാടില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം, തോട് നികത്തിയ സംഭവത്തിലെ വിജിലന്‍സ് കേസ്, തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിക്കാമായിരുന്ന മൂന്ന് വാര്‍ഡുകളിലെ പരാജയം എന്നിവയാണ് പ്രധാന കാരണങ്ങളായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ മൂന്ന് വാര്‍ഡുകളില്‍ ജയിച്ചിരുന്നെങ്കില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫിന് നഷ്ടമാകില്ലായിരുന്നു എന്നും നിവേദനത്തില്‍ പറയുന്നു.

മാത്രമല്ല, കമ്മറ്റി ഭാരവാഹികളെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാന്‍ എംഎല്‍എ നീക്കം നടത്തുന്നുവെന്നും പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിക്കുന്നെന്നും ആരോപണമുണ്ട്. ഇത്തവണ കാര്യമായ വികസന നേട്ടങ്ങളും ഉയര്‍ത്തിക്കാണിക്കാന്‍ ഇല്ലെന്നും നിവേദനത്തില്‍ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായിരുന്നു യുഡിഎഫ് മണ്ഡലത്തില്‍ നേരിട്ടത്.

ബെന്നി ബഹനാന്‍ 20,000 വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേടാനായാത് വെറും 2000 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു. പി.ടി തോമസ് മത്സരിച്ചാല്‍ യുഡിഎഫിന് അത് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും നേതാക്കള്‍ നല്‍കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബെന്നി ബഹനാന്റെ സിറ്റിംഗ് സീറ്റ് അന്ന് കെപിസിസി പ്രസിഡന്റായിരുന്ന വി.എം സുധീരന്റേയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണിയുടേയും ഇടപെടലുകളെ തുടര്‍ന്ന് പി.ടി തോമസിന് നല്‍കുകയായിരുന്നു. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇതില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നെങ്കിലും ചില നേതാക്കള്‍ ഇടപെട്ട് മയപ്പെടുത്തുകയായിരുന്നു.

എന്നാല്‍ എംഎല്‍എ ആയതിന് ശേഷം പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പി.ടി തോമസ് ശ്രമിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്. മാത്രമല്ല, ക്രൈസ്തവ സഭാ നേതൃത്വവുമായി അത്ര രസത്തിലല്ലാത്ത തോമസിന് ഇത്തവണ ക്രൈസ്തവ മത വിഭാഗങ്ങളുടെ പിന്തുണയും ഉറപ്പാക്കാനായിട്ടില്ല.

അതേസമയം ഇത്തവണ താന്‍ തൃക്കാക്കരയില്‍ തന്നെ മത്സരിക്കുമെന്നാണ് പി.ടി തോമസ് വ്യക്തമാക്കുന്നത്. ഇടുക്കി സീറ്റില്‍ പരിഗണിച്ചെങ്കിലും അദ്ദേഹത്തിന് താല്‍പര്യമില്ല. ഇടുക്കി സ്വദേശിയാണങ്കിലും പി.ടി തോമസിനോട് ജില്ലയിലുള്ളവര്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. തോല്‍ക്കാനായി പി.ടി ഇടുക്കിയിലേക്ക് വരേണ്ടതില്ലെന്നാണ് ജില്ലയിലെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് സീ ന്യൂസ് ലൈവിനോട് പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.