നവകേരള ബസ് സർവീസ് വീണ്ടും മുടങ്ങി; അറ്റകുറ്റപണിക്കായി വർക്ക് ഷോപ്പിലാണെന്ന് കെഎസ്ആര്‍ടിസി

നവകേരള ബസ് സർവീസ് വീണ്ടും മുടങ്ങി; അറ്റകുറ്റപണിക്കായി വർക്ക് ഷോപ്പിലാണെന്ന് കെഎസ്ആര്‍ടിസി

കോഴിക്കോട്: നവകേരള ബസ് വീണ്ടും കട്ടപ്പുറത്ത്. കോഴിക്കോട്-ബെംഗളൂരു റൂട്ടിലോടുന്ന ബസിന്റെ സര്‍വ്വീസാണ് കഴിഞ്ഞ ഒരാഴ്ചയായി മുടങ്ങിയിരിക്കുന്നത്. അറ്റകുറ്റപ്പണിക്കായി ബസ് ഒരാഴ്ചയായി വര്‍ക്ക് ഷോപ്പിലാണെന്നും ഇതുകൊണ്ടാണ് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നതെന്നുമാണ് കെഎസ്ആര്‍ടിസി നല്‍കുന്ന വിശദീകരണം. കോഴിക്കോട് റീജണല്‍ വര്‍ക്ക് ഷോപ്പിലാണ് ബസ് നിലവിലുള്ളത്.

പല ദിവസങ്ങളിലും ഒരാൾ പോലും സീറ്റ് ബുക്ക് ചെയ്യാത്തതിന്റെ പേരിൽ നവകേരള ബസിന്റെ സർവീസ് മുടങ്ങിയിരുന്നു. ചില ദിവസങ്ങളിൽ നാമമാത്രമായ ആൾക്കാരുമായിട്ടായിരുന്നു സർവീസ്. ഇതോടെ കനത്ത നഷ്ടമായി. എയർ കണ്ടീഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. സെസ് അടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്‌ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സൗകര്യങ്ങൾക്ക് പുറമേ ലഗേജും സൂക്ഷിക്കാനാവും.

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് കഴിഞ്ഞ മേയ് അഞ്ച് തൊട്ടാണ് കോഴിക്കോട് - ബംഗളൂരു റൂട്ടിൽ സ‌ർവീസ് തുടങ്ങിയത്. സർവീസ് ഉദ്ഘാടനം ചെയ്ത വേളയിൽ കയറാൻ ആൾക്കാർ ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥിതി മാറി. യാത്രക്കാർ ഈ സർവീസിനോട് മുഖം തിരിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.