ഇസ്രയേലിലെ ഫുട്ബോൾ മൈതാനത്ത് ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം; കുട്ടികളടക്കം 11 പേർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ഇസ്രയേൽ

ഇസ്രയേലിലെ ഫുട്ബോൾ മൈതാനത്ത് ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം; കുട്ടികളടക്കം 11 പേർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ഇസ്രയേൽ

ടെൽ അവീവ്: ഇസ്രയേലിലെ ദ്രൂസ് ഗ്രാമത്തിലെ ഗോലാൻ കുന്നുകളിലെ ഫുട്ബോൾ മൈതാനത്ത് ഹിസ്ബുള്ള ഭീകരർ നടത്തിയ മിസൈൽ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. ലെബനനിൽ നിന്നാണ് ഹിസ്ബുള്ള ഭീകരർ ആക്രമണം നടത്തിയത്. 10നും 20നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവർ എല്ലാവരുമെന്ന് ഇസ്രയേൽ സെനിക വക്താവ് ഡാനിയൽ ഹഗാരി സമൂഹ മാധ്യമത്തിൽ കുറിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ ലെബനനിലെ നിരവധി സ്ഥലങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു. ചബ്രിഹ, ബോർജ് എൽ ച്മാലി, ബെക്കാ, കഫർക്കല, റബ് എൽ പ്രദേശങ്ങളിലെ തീവ്രവാദികളുടെ ആയുധ ശേഖരങ്ങൾ തകർത്തു.

ഹിസ്ബുള്ളയ്‌ക്ക് ശക്തമായ തിരിച്ചടിയാണ് ഇനി നേരിടേണ്ടി വരികയെന്ന് ഡാനിയൽ ഹഗാരി പറഞ്ഞിരുന്നു. ഒക്ടോബർ ഏഴിന് ശേഷം ഇസ്രയേലിലെ സാധാരണക്കാർക്ക് നേരെയുണ്ടായ ഏറ്റവും ക്രൂരമായ ആക്രമണമാണിതെന്നും തങ്ങൾ ശക്തമായി തിരിച്ചടിക്കാൻ പോവുകയാണെന്നും ഹഗാരി പറഞ്ഞു.

തീവ്രവാദികൾ നടത്തിയ കൂട്ടക്കുരുതിക്ക് നേരെ ഇസ്രയേൽ ഒരിക്കലും നിശബ്ദത പാലിക്കില്ലെന്നും ഭീകരർക്ക് കനത്ത മറുപടി നൽകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹിസ്ബുള്ളയ്‌ക്ക് വലിയ വില നൽകേണ്ടി വരുമെന്നും നെതന്യാഹുവിന്റെ ഓഫീസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.

ഹിസ്ബുള്ളയുടെ ആക്രമണം ദാരുണമെന്ന് വൈറ്റ് ഹൗസ്. ഇസ്രായേലിനുള്ള തങ്ങളുടെ പിന്തുണ ഉറച്ചതാണെന്നും, ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ലെബനൻ ഹിസ്ബുള്ള ഉൾപ്പെടെയുള്ള തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് അറിയിച്ചു.

അതേ സമയം ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഹിസ്ബുള്ളയുടെ വാദം. എന്നാൽ ഇസ്രായേൽ സൈന്യവും പൊലീസും ഇത് തള്ളിക്കളഞ്ഞിട്ടുണ്ട്. റോക്കറ്റുകൾ തൊടുത്തുവിട്ടത് ലെബനനിൽ നിന്നാണെന്ന് ഇവർ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.