സംസ്ഥാനത്ത് അതിതീവ്ര മഴ: എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാല് ജില്ലകളില്‍ ഓറഞ്ച്; പെരിയാര്‍ കരകവിഞ്ഞൊഴുകുന്നു, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് അതിതീവ്ര മഴ: എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാല് ജില്ലകളില്‍ ഓറഞ്ച്; പെരിയാര്‍ കരകവിഞ്ഞൊഴുകുന്നു, ജാഗ്രതാ നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ടിടത്ത് യെല്ലോ അലര്‍ട്ടുമാണ്.

ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടും കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ പെരിയാര്‍ കരകവിഞ്ഞൊഴുകുന്നു. പെരിയാര്‍ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ആലുവ ശിവ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയടക്കം വെള്ളത്തിനടിയിലായി. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ 15 ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. ഇവിടെ നിന്നുള്ള വെള്ളം മുഴുവന്‍ പെരിയാറിലേ്ക്കാണ് ഒഴുക്കി വിടുന്നത്. ആലുവയിലെയും പരിസര പ്രദേശങ്ങളിലെയും താഴ്ന്ന മേഖലകളില്‍ വെള്ളം കയറി.

കല്ലാര്‍കുട്ടി ഡാമിന്റെ നാല് ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. മുതിരപ്പുഴയാര്‍, പെരിയാര്‍ നദികളുടെ തീരങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അറിയിപ്പ്. നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മിഷന്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.