കോവിഡ്: നിയന്ത്രണങ്ങള്‍ കർശനമാക്കി വിവിധ എമിറേറ്റുകള്‍

കോവിഡ്: നിയന്ത്രണങ്ങള്‍ കർശനമാക്കി വിവിധ എമിറേറ്റുകള്‍

ദുബായ്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ യുഎഇയിലെ വിവിധ എമിറേറ്റുകള്‍ നിയന്ത്രണങ്ങള്‍ കർശനമാക്കി. അബുദാബിയിൽ എല്ലാ പാർട്ടികളും കൂട്ടുചേരലുകളും താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. കല്ല്യാണങ്ങള്‍ക്ക് 10 അതിഥികള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേർക്ക് പങ്കെടുക്കാം.

അതേസമയം ദുബായിലും പാർട്ടികളിലും കല്ല്യാണങ്ങളിലും പങ്കെടുക്കാനെത്തുന്നവരുടെ കാര്യത്തില്‍ നിലപാട് കർശനമാക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് സാമൂഹിക പരിപാടികളിലും സ്വകാര്യപാർട്ടികളിലും പങ്കെടുക്കാന്‍ അനുമതിയുളളത്. അതും പരമാവധി 10 പേർക്ക് മാത്രം. ദുബായില്‍ ഉല്ലാസ നൗകയില്‍ കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നടന്ന പാർട്ടിക്ക് പോലീസ് കഴിഞ്ഞ ദിവസം 50,000 ദിർഹമാണ് പിഴ ചുമത്തിയത്.

ഷാ‍ർജയിൽ സമൂഹകൂടിചേരലുകള്‍ക്ക് പരമാവധി 20 പേർ മാത്രമേ പാടുളളൂ. മാത്രമല്ല, പരസ്പരം നാലുമീറ്ററിന്‍റെ സാമൂഹിക അകലം പാലിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കണം ക്രമീകരണങ്ങള്‍ എന്നതാണ് പ്രധാന നിർദ്ദേശം. കോവിഡ് മുന്‍ കരുതലുകളെല്ലാം പാലിച്ചുകൊണ്ടായിരിക്കണം ഓരോ അംഗവും പരിപാടിയില്‍ പങ്കെടുക്കേണ്ടത്. ശാരീരികമായി അകലം പാലിക്കുന്നതോടൊപ്പം ഹസ്തദാനവും ആലിംഗനമടക്കമുളള കാര്യങ്ങളും പാടില്ല. മേശയില്‍ നാലുപേർ മാത്രമാണ് അനുവദനീയം. മാസ്കും സാനിറ്റൈസറും നിർബന്ധം.

എന്നാൽ, അജ്മാനില്‍ 150 പേരെ പങ്കെടുപ്പിച്ച് കൊണ്ടു നടത്തിയ കല്ല്യാണപാർട്ടി അധികൃത‍ർ നിർത്തിവപ്പിച്ചിരുന്നു. 20 പേരില്‍ കൂടുതല്‍ പാർട്ടികളില്‍ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.