മരണസംഖ്യ ഉയരുന്നു: മരിച്ചവരുടെ എണ്ണം 276 ആയി; ചാലിയാറില്‍ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി

മരണസംഖ്യ ഉയരുന്നു: മരിച്ചവരുടെ എണ്ണം 276 ആയി; ചാലിയാറില്‍ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി

കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 276 ആയി. ഇതുവരെ നടത്തിയ തിരച്ചിലില്‍ 173 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ 96 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 91 ശരീര ഭാഗങ്ങളും തിരച്ചിലില്‍ ലഭിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇനി ലഭിക്കാനുള്ളത് 191 പേരേയാണ്. ഇവര്‍ക്കായി രാത്രിയിലും തിരച്ചില്‍ തുടരുകയാണ്.

ഇരുന്നൂറിലധികം പേരെ കാണാതായി. മേപ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്ന് എത്തിച്ചത് 34 മൃതദേഹങ്ങള്‍. പോത്തുകല്ലില്‍ ചാലിയാറില്‍ നിന്ന് ഇന്ന് കണ്ടെടുത്തത് 71 മൃതദേഹങ്ങള്‍. ചാലിയാറില്‍ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി. നാളെ രാവിലെ വീണ്ടും തുടങ്ങും. പോത്തുകല്ലില്‍ നിന്ന് 31 മൃതദേഹങ്ങള്‍ മേപ്പാടി ഹൈസ്‌കൂളില്‍ എത്തിച്ചു.

മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉറ്റവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. മണ്ണും പാറയും കോണ്‍ക്രീറ്റ് പാളികളും തിരച്ചില്‍ ദുഷ്‌ക്കരമാക്കുന്നുണ്ട്. പുഴയ്ക്ക് കുറുകെ ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മൂന്ന് മണ്ണുമാന്തി യന്ത്രങ്ങള്‍ പുഴയിലൂടെ അക്കരെ എത്തിച്ചു. ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ക്കായുള്ള ചാലിയാര്‍ തീരത്തെ തിരച്ചില്‍ കനത്ത മഴയിലും തുടരുകയാണ്. നാല്‍പ്പതിലേറെ മൃതദേഹങ്ങളും നാല്‍പ്പത്തി അഞ്ചിലേറെ മൃതദേഹ ഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്തിയത്. കൂടുതല്‍ മൃതദേഹ ഭാഗങ്ങള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു.

അതേസമയം ദുരന്തമുഖത്ത് ഉള്‍പ്പെടെ ശക്തമായി പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. മുണ്ടക്കൈ ഉള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങളില്‍ വീണ്ടും ഉരുള്‍പൊട്ടാനുള്ള സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.