പാരിസില്‍ ഒളിമ്പിക്‌സില്‍ ജെന്‍ഡര്‍ വിവാദം; വനിതാ ബോക്‌സിംഗ് മത്സരത്തില്‍ എതിരാളി പുരുഷനാണെന്ന് ആരോപിച്ച് ഇറ്റാലിയന്‍ താരം പിന്‍വാങ്ങി

പാരിസില്‍ ഒളിമ്പിക്‌സില്‍ ജെന്‍ഡര്‍ വിവാദം; വനിതാ ബോക്‌സിംഗ് മത്സരത്തില്‍  എതിരാളി പുരുഷനാണെന്ന് ആരോപിച്ച് ഇറ്റാലിയന്‍ താരം പിന്‍വാങ്ങി

ഇമാനെ ഖലിഫ്, ഏഞ്ചല കരിനി

പാരിസ്: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെ പ്രതിരോധത്തിലാക്കി വീണ്ടും വിവാദം. ലിംഗനിര്‍ണയ പരിശോധനയില്‍ പരാജയപ്പെട്ടതിനെതുടര്‍ന്ന് കഴിഞ്ഞവര്‍ഷത്തെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് അയോഗ്യത കല്‍പിച്ച അള്‍ജീരിയന്‍ വനിതാ ബോക്‌സിങ് താരത്തെ പാരിസ് ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ അനുവദിച്ചതാണ് വിവാദത്തിനു കാരണം. അല്‍ജീരിയ താരം ഇമാനെ ഖലിഫ് പുരുഷനാണെന്ന ആരോപണം ഉന്നയിച്ച് ഇറ്റാലിയന്‍ വനിതാ താരം പിന്മാറിയ സംഭവമാണ് വലിയ ചര്‍ച്ചയ്ക്കു വഴിവെച്ചിരിക്കുന്നത്.

വനിതകളുടെ 66 കിലോഗ്രാം ബോക്‌സിങ് മത്സരത്തില്‍ 46 സെക്കന്‍ഡ് മാത്രം പോരാടിയ ശേഷമാണ് ഇറ്റാലിയന്‍ താരം ഏഞ്ചല കരിനി പിന്മാറിയത്. കരിനിയുടെ തോല്‍വി ലിംഗ സ്വത്വത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ടെസ്ല മേധാവി ഇലോണ്‍ മസ്‌കും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും കരിനിയെ പിന്തുണച്ചവരില്‍ ഉള്‍പ്പെടുന്നു.

മത്സരത്തിനിടെ ഇമാനെ ഖലിഫയുടെ ഇടിയേറ്റ് കരിനിയുടെ മൂക്കിന് പരിക്കേല്‍ക്കുകയും ചോരപൊടിയുകയും ചെയ്തു. പരാജയത്തിന് പിന്നാലെ ഇമാനയ്ക്ക് ഹസ്തദാനം നല്‍കാന്‍ കരിനി തയ്യാറായില്ല. മൂക്കിന് പരിക്കേറ്റതിനാല്‍ മത്സരം അവസാനിപ്പിക്കുന്നുവെന്നാണ് താരം പ്രതികരിച്ചത്.

കഴിഞ്ഞവര്‍ഷം ലിംഗനിര്‍ണയ പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 2023 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ മത്സരത്തില്‍നിന്ന് ഇമാനെ ഖലിഫിന് അയോഗ്യത കല്‍പ്പിച്ചിരുന്നു. എന്നാല്‍ പാരീസ് ഒളിമ്പിക്സില്‍ മത്സരിക്കാന്‍ ഐ.ഒ.സി. അനുമതി നല്‍കി. ഇതിനെതിരേ ശക്തമായ പ്രതിഷേധമുയരുകയാണ്.

മൂക്കിന് ഇടിയേറ്റതിനെത്തുടര്‍ന്ന് കരിനി, പരിശീലകനുമായി മുപ്പത് സെക്കന്‍ഡോളം ചര്‍ച്ച നടത്തുകയും തുടര്‍ന്ന് റിങ്ങിലെത്തി മത്സരം തുടരാന്‍ വിസമ്മതിക്കുകയുമായിരുന്നു. കരിയറില്‍ നേരിട്ട ഏറ്റവും വലിയ പഞ്ചാണ് ഖലിഫില്‍നിന്ന് നേരിട്ടതെന്ന് കരിനി പറഞ്ഞു. ഇടിയെത്തുടര്‍ന്ന് മൂക്കില്‍നിന്ന് രക്തം വന്നിരുന്നു. കണ്ണീരോടെയാണ് കരിനി മത്സരം ഉപേക്ഷിച്ചുപോയത്.

സംഭവത്തിനു പിന്നാലെ കരിനി വാര്‍ത്താസമ്മേളനം വിളിച്ചുവരുത്തി കാര്യങ്ങള്‍ വിശദീകരിച്ചു. മത്സരം തുടരാനാവാത്തതിനാലാണ് ഉപേക്ഷിച്ചുപോയതെന്ന് അവര്‍ വിശദീകരിച്ചു.

തന്റെ കരിയറില്‍ ഇത്രയും ശക്തിയാര്‍ന്ന പഞ്ച് ഏറ്റുവാങ്ങിയിട്ടില്ലെന്നാണ് കരിനി പറയുന്നത്. മൂക്ക് തകര്‍ന്നുപോയതായി ഭയപ്പെട്ടെന്നും തന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് പിന്മാറിയതെന്നും കാരിനി കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ എപ്പോഴും എന്റെ രാജ്യത്തെ വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഇത്തവണ ജയിച്ചില്ല. കാരണം എനിക്ക് പോരാടാനാവുമായിരുന്നില്ല. രണ്ടാമത്തെ ഇടി ലഭിച്ചതിനെത്തുടര്‍ന്ന് ഞാന്‍ മത്സരം അവസാനിപ്പിച്ചു. റിങ്ങില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള എനിക്ക്, മൂക്കില്‍ കഠിനമായ വേദന അനുഭവപ്പെട്ടു. രക്തമൊഴുകിത്തുടങ്ങിയ എന്റെ മൂക്ക് നിങ്ങളെല്ലാരും കണ്ടു. ഈ രാത്രി ഞാന്‍ തോറ്റതല്ല, പക്വതയോടെ കീഴടങ്ങിയതാണ്. ഞാനൊരു പക്വതയുള്ള സ്ത്രീയാണ്, റിങ്ങാണ് എന്റെ ജീവന്‍. എനിക്ക് ശരിയല്ല എന്ന് തോന്നിയാല്‍ അതൊരു കീഴടങ്ങലല്ല, പക്വതയോടെയുള്ള അവസാനിപ്പിക്കലാണ്' - ആഞ്ജലിന കരിനി വ്യക്തമാക്കി.

ഇമാനെയ്ക്ക് പുറമെ ലിംഗപരിശോധനയില്‍ അന്നു പരാജയപ്പെട്ട തായ്വാന്റെ ലിന്‍ യു ടിങ്ങും ഇപ്പോള്‍ മത്സരിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷമായിരുന്നു ലോകചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇരുവരും പുറത്താക്കപ്പെട്ടത്. ഇരുവരുടേയും ഡിഎന്‍എ പരിശോധനയില്‍ എക്സ്, വൈ ക്രാമസോമുകളാണെന്ന് (പുരുഷന്മാരുടേത്) തെളിഞ്ഞതായാണ് അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്‍ (ഐബിഎ) പ്രസിഡന്റ് ഉമര്‍ ക്രെംലെവ് വ്യക്തമാക്കിയത്.

അള്‍ജീരിയന്‍ ബോക്സറിനെതിരെയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കെതിരേയും വലിയ വിമര്‍ശനം ഉയരുന്നുണ്ട്. പുരുഷ ജനിതക സവിശേഷതകളുള്ള അത്ലറ്റുകളെ വനിതാ മത്സരങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനി പറഞ്ഞത്. നിരോധനം ആരോടും വിവേചനം കാണിക്കാനല്ല, മറിച്ച് വനിതാ അത്ലറ്റുകളുടെ അവകാശം സംരക്ഷിക്കാനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.