ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു; രാജ്യം വിട്ടതായും റിപ്പോര്‍ട്ടുകള്‍; ആളിക്കത്തി പ്രക്ഷോഭം

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു; രാജ്യം വിട്ടതായും റിപ്പോര്‍ട്ടുകള്‍; ആളിക്കത്തി പ്രക്ഷോഭം

ധാക്ക: സംവരണ നിയമത്തിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തിപ്പടരുന്ന ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ഔദ്യോഗിക വസതി ഒഴിയുകയും സൈനിക ഹെലികോപ്റ്ററില്‍ രാജ്യം വിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് ഈ നീക്കം. സൈനിക മേധാവി വക്കര്‍-ഉസ്-സമാന്‍ ഉടന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ദിനപത്രമായ പ്രതോം അലോ റിപ്പോര്‍ട്ട് ചെയ്തു.

സഹോദരിക്കൊപ്പം രാജ്യംവിട്ട ഹസീന ഇന്ത്യയില്‍ അഭയം തേടിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സൈനിക ഹെലികോപ്ടറിലാണ് അവര്‍ തലസ്ഥാനമായ ധാക്കയില്‍ നിന്ന് പോയത്.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 ആയി ഉയര്‍ന്നെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കൊല്ലപ്പെട്ടവരില്‍ 14 പൊലീസുകാരും ഉള്‍പ്പെടും.

പ്രക്ഷോഭത്തെ ശക്തമായി അടിച്ചമര്‍ത്തുമെന്ന് ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചതോടെയാണ് ബംഗ്ലാദേശില്‍ കലാപം ആളിക്കത്തുന്നത്. പ്രക്ഷോഭത്തെ നേരിടാന്‍ സുരക്ഷാ സേനയ്ക്കു പുറമെ ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകരും സംഘടിച്ചതോടെ എല്ലായിടത്തും നിയന്ത്രണം വിട്ടു. ആറ് അവാമി ലീഗ് നേതാക്കളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. സിറാജ്ഗഞ്ചിലെ ഒരു പൊലീസ് സ്റ്റേഷനിലെ വാനിന് തീയിട്ടതോടെയാണ് കൂടുതല്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടത്.

സ്റ്റുഡന്റ്‌സ് എഗെയ്ന്‍സ്റ്റ് ഡിസ്‌ക്രിമിനേഷന്‍' എന്ന സംഘടനയാണ് സര്‍ക്കാരിനെതിരേ നിസഹകരണ സമരം തുടങ്ങിയത്. 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ രക്തസാക്ഷികളായവരുടെ കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ ജോലിയില്‍ 30ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ മാസം ഇരുന്നൂറിലേറെ പേര്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടിരുന്നു.

പ്രക്ഷോഭം ആരംഭിച്ചത് സംവരണ നിയമത്തിനെതിരെയാണെങ്കിലും ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം മുദ്രാവാക്യങ്ങളായി മാറിയിരിക്കുന്നു. ഷെയ്ഖ് ഹസീന രാജിവെക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. സമരത്തെ അടിച്ചമര്‍ത്താന്‍ രാജ്യത്ത് സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കി.

ബംഗ്ലാദേശില്‍ സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.