2025-ലെ ജൂബിലി വർഷത്തിൽ തുറക്കപ്പെടുന്ന വിശുദ്ധ വാതിലുകളെ സംബന്ധിച്ച് വ്യക്തത വരുത്തി വത്തിക്കാൻ; കരുണയുടെ വാതിൽ തുറക്കപ്പെടുന്നത് ഒരു ജയിലിലും

2025-ലെ ജൂബിലി വർഷത്തിൽ തുറക്കപ്പെടുന്ന വിശുദ്ധ വാതിലുകളെ സംബന്ധിച്ച് വ്യക്തത വരുത്തി വത്തിക്കാൻ; കരുണയുടെ വാതിൽ തുറക്കപ്പെടുന്നത് ഒരു ജയിലിലും

വത്തിക്കാൻ സിറ്റി: 2025-ലെ ജൂബിലി വർഷത്തിൽ തുറക്കാനിരിക്കുന്ന 'വിശുദ്ധ വാതിലുകൾ' സംബന്ധിച്ച് വ്യക്തത വരുത്തി വത്തിക്കാൻ. മാർപാപ്പയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഇത്തവണ ഒരു ജയിലിലും വിശുദ്ധ വാതിൽ തുറക്കപ്പെടും. ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച 'പ്രത്യാശ നിരാശരാക്കുന്നില്ല' (Spes non confundit) എന്ന പേപ്പൽ ബൂള അഥവാ ഉത്തരവിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്.

സെന്റ് പീറ്റേഴ്സ് ബസിലിക്കയിലും റോമിലെ മറ്റ് മൂന്ന് പേപ്പൽ ബസിലിക്കകളായ സെന്റ് ജോൺ ലാറ്ററൻ, സെന്റ് മേരി മേജർ, സെന്റ് പോൾ എന്നിവിടങ്ങളിലും കൂടാതെ, മാർപാപ്പയുടെ പ്രത്യേക താൽപര്യ പ്രകാരം ഒരു ജയിലിലും മാത്രമാകും വിശുദ്ധ വാതിൽ തുറക്കുക എന്നാണ് അതിൽ പറഞ്ഞിരിക്കുന്നത്. തടവുകാർക്ക് സാമീപ്യത്തിന്റെ ഒരു അടയാളം നൽകാനായിട്ടാണ് ജയിലിൽ ഒരു വിശുദ്ധ വാതിൽ തുറക്കാൻ പരിശുദ്ധ പിതാവ് താൽപര്യം പ്രകടിപ്പിച്ചത്.

സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററി പുറത്തിറക്കിയ കുറിപ്പിലാണ് ഇതേക്കുറിച്ച് വീണ്ടും സ്ഥിരീകരണം നൽകിയിട്ടുള്ളത്. മറ്റു ദേവാലയങ്ങളിൽ വിശുദ്ധ വാതിൽ ഉണ്ടാവുകയില്ലെന്നും ഡിക്കാസ്റ്ററിയുടെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആസന്നമായിരിക്കുന്ന 2025-ലെ ജൂബിലി വർഷത്തിൽ കത്തീഡ്രൽ ദേവാലയങ്ങളിലും മറ്റു ദേശീയ-അന്തർദേശീയ തീർത്ഥാടന ദേവാലയങ്ങളിലും വിശുദ്ധ വാതിലുകൾ തുറക്കുന്നതു സംബന്ധിച്ച് അടുത്തയിടെ ഉയർന്ന നിരവധി ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടാണ് ഈ കുറിപ്പ് സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററി പുറത്തുവിട്ടിരിക്കുന്നത്.

സെന്റ് പീറ്റേഴ്സ് ബസിലിക്കയും മറ്റു പേപ്പൽ ബസിലിക്കകളും

ദൈവത്തിന്റെ അതിരില്ലാത്ത ക്ഷമ അതിൻ്റെ പൂർണ്ണതയിൽ പ്രകടമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 1300-ലെ ആദ്യ ജൂബിലി മുതൽ ഇപ്രകാരമൊരു പതിവ് കൈമാറ്റം ചെയ്യപ്പെട്ടു വന്നിട്ടുള്ളതെന്ന് ഡിക്കാസ്റ്ററിയുടെ കുറിപ്പിൽ പ്രത്യേകം അനുസ്മരിക്കുന്നുണ്ട്. അതിനാൽ, സ്നേഹത്തോടും പ്രത്യാശയോടും കൂടെ കുമ്പസാരമെന്ന കൂദാശ സ്വീകരിച്ചുകൊണ്ട് ദണ്ഡവിമോചനത്തിനായുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അതിൽ ഓർമ്മപ്പെടുത്തിയിരിക്കുന്നു.

'കൃപയുടെ ഈ നിമിഷം' പൂർണ്ണമായി ജീവിക്കാൻ അപ്പസ്തോലിക പെനിറ്റൻഷ്യറി 2024 മെയ് 13-ന് പുറപ്പെടുവിച്ച ഉത്തരവിൽ സൂചിപ്പിച്ചിരിക്കുന്ന പ്രകാരമുള്ള പ്രത്യേക സ്ഥലങ്ങളും വ്യത്യസ്ത രീതികളും കണക്കിലെടുക്കണമെന്നും വിശ്വാസികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ജൂബിലി 2025 - ഒരു അവലോകനം

2024-ലെ ക്രിസ്മസിന്‍റെ തലേരാവിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ മാർപാപ്പ തുറക്കുന്നതോടെ ജൂബിലി വർഷം ആരംഭിക്കും. 1500-ൽ അലക്സാണ്ടർ പാപ്പയുടെ കാലം മുതൽ പിന്തുടർന്നുവരുന്ന ഒരു രീതിയാണ് ഇത്.
അതിനെ തുടർന്ന്, ഡിസംബർ 29ന് റോമാ രൂപതയുടെ കത്തീഡ്രലായ സെന്റ് ജോൺ ദി ലാറ്ററൻ ആർച്ച് ബസിലിക്കയിലെ വിശുദ്ധ വാതിൽ മാർപാപ്പ തുറക്കും. അന്നേദിവസം ലോകമെമ്പാടുമുള്ള കത്തീഡ്രൽ ദേവാലയങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ച് അതാത് രൂപതകളിലെ മെത്രാന്മാർ ജൂബിലിക്ക് പ്രാദേശികമായി ആരംഭം കുറിക്കും.

തുടർന്ന്, 2025 ജനുവരി 1-ന് അതായത്, പരിശുദ്ധ മറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ ദിനത്തിൽ സെന്റ് മേരി മേജർ ബസിലിക്കയുടെ വിശുദ്ധ വാതിലും ജനുവരി 5 ഞായറാഴ്ച, ദനഹ തിരുനാളിന്റെ ജാഗരണ ശുശ്രൂഷയിൽ, മതിലിനു പുറത്തുള്ള സെൻ്റ് പോൾ ബസിലിക്കയുടെ വിശുദ്ധ വാതിലും ഫ്രാൻസിസ് മാർപാപ്പ തുറക്കും.

തുടർന്നുവരുന്ന ഒരു വർഷക്കാലം 'ദൈവകൃപയുടെ ഫലപ്രാപ്തിയെ സാക്ഷ്യപ്പെടുത്തുന്ന അടയാളങ്ങളിലൂടെ കൃപയിലുള്ള പ്രത്യാശ അതിൻ്റെ പൂർണ്ണതയിൽ പ്രഖ്യാപിക്കുന്നതിന് ദൈവജനത്തെ പ്രാപ്തരാക്കാനായുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ' ഫ്രാൻസിസ് മാർപാപ്പ എഴുതിയിട്ടുണ്ട്.

2025 ഡിസംബർ 28ന് സെന്റ് ജോൺ ലാറ്ററൻ, സെന്റ് മേരി മേജർ, സെന്റ് പോൾ എന്നീ ബസിലിക്കകളിലെ വിശുദ്ധ വാതിലുകൾ അടയ്ക്കുന്നതോടെ, ലോകമങ്ങുള്ള എല്ലാ ദേവാലയങ്ങളിലെയും ജൂബിലി അവസാനിക്കും.
2026 ജനുവരി ആറാം തീയതി, ദനഹാ തിരുനാൾ ദിനത്തിൽ, ജൂബിലി വർഷം റോമിൽ ഔദ്യോഗികമായി സമാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.