സൗദിയില്‍ കനത്ത മഴ; മരണം ഏഴായി; മക്കയിലും കനത്ത നാശനഷ്ടം

സൗദിയില്‍ കനത്ത മഴ; മരണം ഏഴായി; മക്കയിലും കനത്ത നാശനഷ്ടം

റിയാദ്: തെക്ക് - പടിഞ്ഞാറന്‍ സൗദിയിലെ ജസാന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോവുകയും റോഡുകളും പാലങ്ങളും കെട്ടിടങ്ങളും തകരുകയും ചെയ്തു. കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന മഴയില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അടുത്ത ഏതാനും ദിവസങ്ങളില്‍ കൂടി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍, ജസാന്‍ മേഖലയില്‍ പ്രത്യേകിച്ചും ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ജസാന്‍, നജ്റാന്‍, മക്ക, മദീന എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവും ദൃശ്യപരത കുറയ്ക്കുന്ന കാറ്റും അടുത്ത ദിവസങ്ങളിലും തുടരുമെന്ന് സൗദി നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) പ്രവചിച്ചു. അതേസമയം മക്കയില്‍ ഇന്നലെയും കനത്ത മഴയും ആലിപ്പഴ വര്‍ഷവും ശക്തമായ കാറ്റും അനുഭവപ്പെട്ടു.

ഇതിന്‍റെ ഫലമായി ചില ഭാഗങ്ങളില്‍ വലിയ നാശനഷ്ടമുണ്ടായി. മക്കയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ മുങ്ങിപ്പോയതിന്‍റെയും കാറുകള്‍ ഒഴുകുന്നതിന്‍റെയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലയിടങ്ങളിലും വീടുകളിലും കെട്ടിടങ്ങളിലും വെളളം കയറിയെങ്കിലും മക്കയില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജിസാന്‍ പ്രവിശ്യയുടെ തെക്ക് കിഴക്ക് അല്‍ അരീദ, അഹദ് അല്‍ മസാരിഹ ഗവര്‍ണറേറ്റുകളെ ബന്ധിപ്പിക്കുന്ന റോഡിലുണ്ടായ കുത്തൊഴുക്കില്‍ കാറില്‍ ഒലിച്ചുപോയ ദമ്പതികള്‍ ഉള്‍പ്പെടെ ഏഴു പേരാണ് ജസാനിലെ മിന്നല്‍ പ്രളയത്തില്‍ മരണപ്പെട്ടത്. സബ്‌യ- അബു ആരിഷ് ഗവര്‍ണറേറ്റുകളെ ബന്ധിപ്പിക്കുന്ന പാലം ഭാഗികമായി തകര്‍ന്ന് ഒരു സ്ത്രീ മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തില്‍ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് പരിക്കേറ്റു. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട രണ്ട് കൗമാരക്കാരുള്‍പ്പെടെ നാല് പേരുടെ മൃതദേഹങ്ങള്‍ സിവില്‍ ഡിഫന്‍സ് ടീമുകള്‍ പിന്നീട് കണ്ടെടുത്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.